ഭാരതപ്പുഴ; ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകും

By Central Desk, Malabar News
Ponnani - Bharathappuzha
Image designed by: Alavudheen
Ajwa Travels

പൊന്നാനി: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ കെ കൃഷ്‌ണൻ കുട്ടി, കെടി ജലീൽ എന്നിവരുടെ സാന്യധ്യത്തിൽ നടന്ന യോഗത്തിലാണ് ഈ വിലയിരുത്തൽ. വരാനിരിക്കുന്ന കാലവർഷത്തിലും പുഴയിൽ കാര്യമായ തോതിൽ ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടിയത്.

ചെളിയും മണലും കരയിലേക്ക് മാറ്റി പുഴയ്ക്ക് ആഴം കൂട്ടൽ ഇത്തവണ നടക്കില്ല എന്നും ഉദ്യോഗസ്ഥർ യോഗത്തിൽ വിശദമാക്കി. എന്നാൽ, ഭാരതപ്പുഴയിൽ ഒഴുക്കിനു തടസ്സമായി നിൽക്കുന്ന പുൽക്കാടുകൾ നീക്കുക, മണൽത്തിട്ടകൾ തട്ടി നിരത്തുക തുടങ്ങിയ കാര്യങ്ങൾ മഴയ്ക്ക് മുൻപ് തീർക്കാനാണ് മന്ത്രിമാർ മുന്നോട്ടു വെച്ച നിർദ്ദേശം. പക്ഷെ, ഉദ്യോഗസ്ഥരുടെ നിലപാട്; ജലനിരപ്പുയരുന്നതു വരെയുള്ള ഏതാനും ദിവസങ്ങളിൽ മണ്ണുമാന്തി യന്ത്രം പുഴയിലിറക്കി ഒഴുക്ക് തടസ്സപ്പെട്ടു കിടക്കുന്ന ഭാഗത്തെ മണൽത്തിട്ട തട്ടിനിരത്തുക എന്നത് ഗുണകരമാകുമെന്ന കാര്യത്തിൽ ഉറപ്പില്ല എന്നതാണ്.

പൊതുമരാമത്ത് വകുപ്പ് നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്ത്, പൊന്നാനി നഗരസഭയുടെ കീഴിലുള്ള കർമ റോഡിലെ പൈപ്പുകളിലൂടെ പുഴവെള്ളം ഇരച്ചു കയറുന്നത് തടയാൻ പൈപ്പുകൾക്ക് ഷട്ടറിടുന്ന കാര്യവും വേണ്ടന്ന് വെച്ചു. ഷട്ടറിട്ട് പുഴയിൽ വെള്ളം കെട്ടിനിർത്തിയാൽ റോഡിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പു മൂലമാണ് ഷട്ടറിടൽ വേണ്ടെന്ന് വെച്ചത്. പൈപ്പുകൾ അടച്ചതുകൊണ്ട് മാത്രം വെള്ളം ഇരച്ചു കയറുന്നത് ഒഴിവാക്കാൻ കഴിയില്ലെന്നും പൈപ്പുകൾക്ക് മുകളിൽ പാറക്കഷ്ണങ്ങളിട്ട് റോഡ് ഉയർത്തിയതിനാൽ പാറക്കഷണങ്ങൾക്കിടയിലൂടെയും വെള്ളം കരയിലേക്കു കയറുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

വലിയ മണൽത്തിട്ടകളും കുന്നുകൂടി കിടക്കുന്ന ചങ്ങണക്കാടുകളും പുഴയിൽ നിന്ന് മാറ്റുന്നതിന്  വിശദമായ പഠനം വേണ്ടി വരുമെന്നും അത് മൂന്നോ നാലോ മാസം സമയമെടുക്കുന്ന കാര്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെയാണ് മന്ത്രിമാരുടെ അവസാന നിമിഷ മുൻകരുതൽ പ്രതീക്ഷകളെല്ലാം അസ്തമിച്ചത്. ഒഴുക്കിനെ കുറച്ചെങ്കിലും വേഗത്തിലാക്കാനാവശ്യമായ രീതിയിൽ ചെറിയ മണൽത്തിട്ടകളും മറ്റും പുഴയിൽ തന്നെ ഇളക്കിയിടാനേ കാലവർഷത്തിന് മുൻപുള്ള സമയം കൊണ്ട് സാധ്യമാകു എന്നാണ് കരാറുകാരും വ്യക്തമാക്കിയത്. ചുരുക്കത്തിൽ, ഭാരതപ്പുഴയോരത്തെ ജനങ്ങൾക്ക് ഇത്തവണയും കാര്യമായ മുൻകരുതലുകളുണ്ടാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

കാലവർഷം അടുത്തത്തിയപ്പോഴുള്ള ഈ യോഗം തന്നെ പരിഹാസ്യമാണെന്നാണ് നഗരസഭാ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം പറയുന്നത്. പ്രളയം വന്നാലുണ്ടാകുന്ന ജനങ്ങളുടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾക്കപ്പുറം മറ്റൊന്നും നടപ്പിലാക്കാനുള്ള സമയം ഇനിയില്ല എന്ന് ഈ മന്ത്രിമാർക്ക് അറിയില്ലേ? എന്നാണ് കോണ്‍ഗ്രസ്സ് നേതാവും കെപിസിസി അംഗവുമായ അഡ്വ. കെ. ശിവരാമൻ ചോദിക്കുന്നത്. കഴിഞ്ഞ കാല വർഷം കഴിഞ്ഞപ്പോൾ മുതൽ ഭാരതപ്പുഴയുടെ തീരത്തെ ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്ന കാര്യമാണ് പുഴയുടെ വൃത്തിയാക്കലും അറ്റകുറ്റപ്പണികളും. യഥാർത്ഥത്തിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനുള്ള സമയമില്ലാത്ത ഈ മൂന്നു മന്ത്രിമാരും പ്രസംഗം കൊണ്ട് ജീവിക്കുന്നവർ മാത്രമാണെന്നും കെപിസിസി അംഗം അഡ്വ.കെ ശിവരാമൻ ആരോപിച്ചു.

ലഭ്യമായ സമയം അനാവശ്യമായി പാഴാക്കിക്കളഞ്ഞ ശേഷം, കാലവർഷം അടുത്തെത്തിയപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നാടകം മാത്രമാണ് മന്ത്രിമാരും ഉദ്യോഗസ്ഥരുമായുള്ള ഈ യോഗമെന്നും എന്നാൽ മന്ത്രിമാരുടെ നിരുത്തരവാദപരമായ മെല്ലെപ്പോക്കിൽ, ഉദ്യോഗസ്ഥർ നിസ്സഹയാരാണെന്നും മറ്റൊരു കോൺഗ്രസ്സ് നേതാവും കെ.പി.സി.സി. സെക്രട്ടറിയുമായ പി.ടി. അജയ് മോഹനനും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE