പൊന്നാനി പുതിയ കോടതി; സ്‌ഥല വിവാദവും എംഎൽഎയുടെ വിശദീകരണവും നിർദ്ദേശങ്ങളും

By Desk Reporter, Malabar News
Ponnani Court Property Controversy
Ajwa Travels

പൊന്നാനി: നൂറിലധികം വർഷം പഴക്കമുള്ള പൊന്നാനി കോടതിയെ മാറ്റി സ്‌ഥാപിക്കാനെടുത്ത തീരുമാനം വിവാദത്തിലേക്ക് വഴിമാറുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയും കൂടുതൽ സൗകര്യങ്ങൾ അന്വേഷിച്ചുമാണ് കോടതികെട്ടിടം മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റാൻ തീരുമാനിച്ചത്. അതിനായി കണ്ടെത്തിയ സ്‌ഥലമാണ്‌ വിവാദത്തിന് തിരി കൊളുത്തുന്നത്.

തൃക്കാവ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ, എൻഎസ്‌എസ്‌ സ്‌കൂളിന് സമീപത്ത് റസിഡൻഷ്യൽ ഏരിയയിൽ നിർദ്ദിഷ്‌ട കോടതി കെട്ടിടത്തിനായി കണ്ടെത്തിയ പ്രദേശത്തിന് ചുറ്റും ഭൂമാഫിയകൾ വാങ്ങിയിട്ട സ്‌ഥലങ്ങൾക്ക് വിലക്കയറ്റം സൃഷ്‌ടിക്കാനുള്ള തന്ത്രമാണ് ഈ തീരുമാനം എന്നാണ് പ്രധാന ആരോപണം. ഈ ആരോപണം ശരിയാണെന്നാണ് മലബാർ ന്യൂസിന്‌ മനസിലാക്കാൻ സാധിച്ചത്. ഒരു കോടതി സ്‌ഥാപിക്കാൻ ആവശ്യമായ സ്‌ഥലം കണ്ടെത്തുമ്പോൾ പാലിക്കേണ്ട അടിസ്‌ഥാന മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് പൊന്നാനി കോടതിക്കായുള്ള സ്‌ഥലം ‘അംഗീകരിച്ചതെന്ന്’ മലബാർ ന്യൂസ് പ്രതിനിധി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഒരേസമയം രണ്ടു ചെറുകാറുകൾക്ക് പോലും കടന്നുപോകാൻ കഴിയാതെ, റോഡിൽ കുരുങ്ങികിടക്കുന്നത് താഴെ നൽകുന്ന ഫോട്ടോയിൽ നിന്ന് വ്യക്‌തമായി മനസിലാക്കാം. സാധാരണ സാഹചര്യത്തിൽ പോലും യാത്രാബുദ്ധിമുട്ടുള്ള ഈറോഡിലേക്ക് അതിസുരക്ഷ നൽകി ഹാജരാക്കേണ്ട പ്രതികളെ കൊണ്ടുവരുന്ന പോലീസ് ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ എങ്ങനെ പ്രവേശിക്കും? പ്രധാന റോഡിൽ നിന്ന് ഏകദേശം 300 മീറ്റർ ദൂരം ഈ ഇടുങ്ങിയ വഴി കടന്നു വേണം കോടതി കെട്ടിടത്തിൽ പ്രവേശിക്കാൻ!

മാത്രവുമല്ല, ഇതേ ഇടുങ്ങിയ റോഡ് രണ്ട് സ്‌കൂളുകളും രണ്ടു ക്ഷേത്രവും ഉപയോഗിക്കുന്ന റോഡ് കൂടിയാണ്. നിർദ്ദിഷ്‌ട കോടതിയിൽ നിന്ന് 200 മീറ്റർ ദൂരം പോലും അകലമില്ലാതെയാണ് പ്രശസ്‌ത ആരാധനാകേന്ദ്രമായ തൃക്കാവ് ക്ഷേത്രം! ഇവിടെ നടക്കുന്ന നവരാത്രി ഉൽസവം പത്ത് ദിവസം നീണ്ടു നിൽക്കുന്നതാണ്. ഈ പത്ത് ദിവസവും രാത്രിയും പകലും ശബ്‌ദമുണ്ടാകും. മുന്നോട്ടുപോകും തോറും വലിയരീതിയിൽ ജനത്തിരക്കും ഉൽസവ ആഘോഷങ്ങളും വർധിക്കാൻ സാധ്യതയുള്ള ക്ഷേത്രം കൂടിയാണിത്. ഇവിടേക്കുള്ള ഏക വാഹനപ്രവേശന മാർഗം കൂടിയാണ് ഈ ‘ഇടറോഡ്’.

Ponnani Court Property Controversy
രണ്ട് ചെറുകാറുകൾ പോലും കടന്നു പോകാൻ സാധിക്കാതെ…

മറ്റൊരു ക്ഷേത്രം, നിലവിൽ വലിയ തിരക്കും പ്രാധാന്യവും കാണിക്കുന്നില്ലങ്കിലും ഭാവിയിൽ ടൂറിസവുമായി ബന്ധപ്പെട്ട് വികസന സാധ്യതയുള്ള ക്ഷേത്രമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുജറാത്തി സേട്ടുമാരുടെ ചരിത്രം പറയാൻ കഴിയുന്നതാണ് ഈ ക്ഷേത്രം. നിർദ്ദിഷ്‌ട കോടതിയിൽ നിന്ന് 100 മീറ്റർ ദൂരത്തിലാണ് ഇത് സ്‌ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യത്തിനും ഒരു നൂറ്റാണ്ട് മുൻപ് തുടങ്ങുന്ന ചരിത്രമുണ്ട് ഈ ‘സേട്ടു ക്ഷേത്രവുമായി’ ബന്ധപ്പെട്ട കാര്യങ്ങൾക്ക്. അതുകൊണ്ടു തന്നെ വികസന സാധ്യത വളരെ കൂടുതലാണ്.

എതിർവശത്ത് പ്രവർത്തിക്കുന്ന എൻഎസ്എസ് സ്‌കൂളിലേക്കുള്ള ഏക വഴിയും ഇതാണ്. ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന തൃക്കാവ് ഹയർ സെക്കണ്ടറി സർക്കാർ സ്‌കൂളിലേക്കുള്ള രണ്ടു കവാടങ്ങളിൽ ഒന്നും ഇതേ ഇടുങ്ങിയ വഴിയാണ്! പ്രശ്‌നങ്ങൾ അവിടെയും അവസാനിക്കുന്നില്ല.

ഈ റോഡിലേക്ക് ബസ്‌റൂട്ട്‍ ചിന്തിക്കാൻ പോലും സാധ്യമല്ല. മെയിൻ റോഡിൽ ബസിറങ്ങിഏറ്റവും കുറഞ്ഞത് അര കിലോമീറ്ററെങ്കിലും പുതിയ കോടതിയിലേക്ക് നടക്കേണ്ടിവരും. അംഗപരിമിതരെ പരിഗണിക്കാതെ ആധുനിക സംവിധാനങ്ങൾ കെട്ടിപ്പടുക്കരുതെന്ന് പറയുന്ന കോടതികൾ തന്നെ, അംഗപരിമിതരെ ഉൾകൊള്ളാനുള്ള വിശാലത കാണിക്കാതെ ഈ സ്‌ഥലം തിരഞ്ഞെടുക്കുന്നത് ന്യായമാണോ എന്നതും ചിന്തിക്കണം.

12 അടിപോലും തികച്ചില്ലാത്ത ഈ ഇടുങ്ങിയ റോഡിനെ വഴിയായി സ്വീകരിച്ച്, അവിടെ കോടതി “പണിയിപ്പിക്കാനുള്ള” തീരുമാനത്തിന് പിന്നിൽ ചില സമ്മർദ്ദ ശക്‌തികളും വ്യക്‌തമായ അഴിമതിയും പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് നാട്ടുകാരുടെ വാദം. അല്ലാതെ, ബാർ കൗൺസിൽ പ്രതിനിധികൾ മുതൽ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്‌ഥർ വരെയുള്ളവർ ‘ഇത്രയും കടമ്പകൾ’ കടന്ന് ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കില്ല എന്ന്‌ തന്നെയാണ് നാട്ടുകാരുടെ ഉറച്ച വിശ്വാസം.

Ponnani court property controversy
സിവിൽ സ്‌റ്റേഷനോട് ചേർന്ന് കിടക്കുന്ന വാട്ടർ അതോറിറ്റിയുടെ ഈ സ്‌ഥലം പുതിയ കോടതി സമുച്ചയം നിർമിക്കാൻ അനുകൂലമാണ്

പുതിയ കോടതി കെട്ടിടം ഇപ്പോൾ കണ്ടെത്തിയ ‘ഇടുങ്ങിയ സ്‌ഥലത്ത്‌ വന്നാൽ’, പരിസരത്ത് വിവിധ ഭൂമാഫിയകൾ വാങ്ങിയിട്ടിട്ടുള്ള 23 ഏക്കറിലധികം വരുന്ന വിവിധ പ്ളോട്ടുകൾക്ക് സെന്റിന് 2 ലക്ഷം രൂപവരെയാണ് വിലക്കയറ്റം പ്രതീക്ഷിക്കുന്നത്. അതായത് 23 ഏക്കർ എന്ന് പറഞ്ഞാൽ 2300 സെന്റ് സ്‌ഥലത്തിൽ സെന്റ് ഒന്നിന് രണ്ടു ലക്ഷം കയറിയാൽ ഏകദേശം 46 കോടിയുടെ വിലക്കയറ്റം പ്രതീക്ഷിക്കാം.

എംഎൽഎ മലബാർ ന്യൂസിനോട്

വിഷയത്തിൽ സംസ്‌ഥാന നിയമസഭാ സ്‌പീക്കറും കഴിഞ്ഞ 10 വർഷമായി പൊന്നാനിയുടെ എംഎൽഎയുമായ ശ്രീരാമകൃഷ്‌ണൻ മലബാർ ന്യൂസിനോട് പറഞ്ഞത്;

പൊന്നാനി ബാർ കൗൺസിലാണ്‌ ഈ പ്രൊപ്പോസൽ കൊണ്ട് വന്നത്. പൊന്നാനി പോർട്ടിന്റെ ഉടമസ്‌ഥതയിലാണ് ഈ സ്‌ഥലം. ജില്ലാ ജഡ്‌ജിയും ഹൈക്കോടതി ചുമതലപ്പെടുത്തിയ രജിസ്‌ട്രാറും പോർട്ടിന്റെ സിഇഒയും ചേർന്ന് അന്വേഷണം നടത്തിയ ശേഷമാണ് ഈ സ്‌ഥലം അംഗീകരിച്ചത്. മൂന്നു വകുപ്പിൽ പെട്ട ഉദ്യോഗസ്‌ഥരും സംയുക്‌തമായി അഭിപ്രായം അറിയിച്ച ശേഷമാണ് ഞാൻ അംഗീകാരം നൽകിയത്; എംഎൽഎ പറഞ്ഞു തുടങ്ങി.

പക്ഷെ, ഇനിയും സമയമുണ്ട്. നമുക്ക് വേറെയും ചിന്തിക്കാവുന്നതാണ്. എന്നെ സംബന്ധിച്ച് പൊന്നാനിക്ക് ഒരു നല്ല കോടതി കെട്ടിടം വേണം, പിന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള നിലവിലുള്ള കെട്ടിടം അതിന്റെ പുരാവസ്‌തു സാധ്യത നഷ്‌ടമാക്കാതെ സംരക്ഷിക്കണം. ഇതിനപ്പുറമുള്ള ഒരു ഉദ്ദേശവും എനിക്കില്ല; ശ്രീരാമകൃഷ്‌ണൻ മലബാർ ന്യൂസിനോട് വ്യക്‌തമാക്കി.

P Sreeramakrishnan

എന്റെ ആഗ്രഹം ഈശ്വരമംഗലത്ത് കോടതി കൊണ്ട് വരണം എന്നായിരുന്നു. കാരണം അത് കുറച്ചു കൂടി വികസന സാധ്യതയുള്ള പ്രദേശമാണ്. നിള മ്യൂസിയം, ഐഎഎസ് അക്കാദമി, മൈനോറിറ്റി ഡവലപ്പ്മെന്റ് ഓഫീസ് ഉൾപ്പടെ പലതും അവിടെ വരുന്നുണ്ട്. യാത്രാ സൗകര്യവും കൂടുതലുണ്ട്. പക്ഷെ ആ പരിസരത്ത് സംസ്‌ഥാന സർക്കാർ നിയന്ത്രണമുള്ള സ്‌ഥലം ഇനിയില്ല. ഉള്ളത് വിവിധ വികസന പ്രവർത്തനങ്ങൾക്ക് നീക്കി വച്ചതാണ്. അതുകൊണ്ടാണ് ഈ സ്‌ഥലം അംഗീകരിക്കാം എന്നു കരുതിയത്, അതും മൂന്നു വകുപ്പ് ഉദ്യോഗസ്‌ഥർ അനുകൂല മറുപടി പറഞ്ഞപ്പോൾ മാത്രമാണ് അംഗീകരിച്ചത്.

മറ്റൊരു സാധ്യത ഉണ്ടങ്കിൽ തീർച്ചയായും പരിഗണിക്കും. വേറെ സ്‌ഥലം നോക്കാനും വീണ്ടും വെരിഫിക്കേഷൻ നടത്താനും ഞാനോ നഗരസഭയോ തടസമല്ല. വിവാദങ്ങൾ ഉണ്ടാകുമ്പോൾ വീണ്ടും വർഷങ്ങൾ നീണ്ടുപോയേക്കും എന്നൊരു പ്രതിസന്ധി മുന്നിലുണ്ട്. വേഗതയുള്ള അനുമതി കിട്ടുക എന്നത് അത്ര എളുപ്പമല്ല. ഓരോ വകുപ്പുകൾക്കും നിയമ നൂലാമാലകളുടെ സ്വഭാവം വ്യത്യസ്‌തമാണ്‌. തുറമുഖവകുപ്പ്, മ്യൂസിയം, പുരാവസ്‌തു വകുപ്പ് എന്നിവയുടെ നിയമ കടമ്പകൾ കൂടുതൽ സങ്കീർണമാണ്. എങ്കിലും, മറ്റു സാധ്യതകളും നമുക്ക് പരിഗണിക്കാം; പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

Ponnani court property controversy
സിവിൽ സ്‌റ്റേഷന് പിന്നിൽ കാടുകയറി നശിക്കുന്ന സ്‌ഥലമാണ് ഈ ഫോട്ടോയിൽ കാണുന്നത്. പുതിയ കോടതി കെട്ടിടത്തിനായി ഉപയോഗപ്പെടുത്താവുന്ന മറ്റൊരു സാധ്യതയാണിത്

ചിന്തിക്കാവുന്ന പരിഹാരങ്ങൾ;

മെയിൻ റോഡിനോട് ചേർന്നുള്ള മിനിസിവിൽ സ്‌റ്റേഷൻ കെട്ടിടം നിൽക്കുന്ന അതേ കോമ്പൗണ്ടിൽ സ്‌ഥിതി ചെയ്യുന്ന കാലപ്പഴക്കം ചെന്ന ഇറിഗേഷൻ ഓഫീസിന്റെ പഴയ കെട്ടിടം പൊളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇറിഗേഷൻ വകുപ്പുമായി സഹകരിച്ച് കൊണ്ട്, അൽപം ആസൂത്രണ പാടവത്തോടെ ഇതിനകത്ത് കെട്ടിടം പണിതാൽ 200ഓളം വാഹനങ്ങൾക്ക് ഒരേസമയം വാഹനം പാർക്ക് ചെയ്യാൻ സാധിക്കും.

ഒപ്പം ഇറിഗേഷൻ ഓഫീസും കോടതിയും ഉൾപ്പടെ നിരവധി സർക്കാർ – സ്വകാര്യ സ്‌ഥാപനങ്ങൾക്ക് പ്രവർത്തിക്കാനും സാധിക്കും. സിവിൽ സ്‌റ്റേഷൻ ഇതേ കോമ്പൗണ്ടിൽ ആണെന്നത് കോടതിക്കും ആശ്രിതർക്കും ഗുണകരമാകുകയും ചെയ്യും. ഇപ്പോൾ കണ്ടെത്തിയ 29 സെന്റ് സ്‌ഥലത്തേക്കാൾ കൂടുതൽ വിശാലമായ സ്‌ഥലം ഇവിടെ ലഭ്യമാണ്. കെട്ടിടം പൊളിച്ചൂ പണിയണം എന്നുമാത്രം. 2018ൽ ഈ സാധ്യത കോടതി ആരാഞ്ഞിരുന്നു. പക്ഷെ അതെവിടെയോ, ആർക്കോ വേണ്ടി പാളംതെറ്റി എന്നതാണ് യാഥാർഥ്യം.

Ponnani court property controversy
ഇടത്ത് ഭാഗത്ത് ഇറിഗേഷൻ ഓഫീസിന്റെ പൊളിക്കാനുള്ള പഴയ കെട്ടിടം – വലത്ത് സിവിൽ സ്‌റ്റേഷൻ കെട്ടിടം – പിന്നിൽ വിശാലമായ സ്‌ഥലം കാണാം. പാർക്കിങ് താഴെ നൽകി മുകളിലേക്ക് കെട്ടിടം പണിയാം

കൂടാതെ, പൊന്നാനി ഹാർബർ പരിസരപ്രദേശത്ത് നിരവധി സ്‌ഥലങ്ങൾ ഒഴിഞ്ഞു കിടപ്പുണ്ട്. കർമ്മ പാലം പൂർത്തീകരിച്ചാൽ ടൗണിലെ ട്രാഫിക് ഒഴിവാക്കി തന്നെ നിർദ്ദിഷ്‌ട സ്‌ഥലങ്ങളിൽ എത്തിച്ചേരാൻ സാധിക്കും. പൊന്നാനിയുടെ സ്വപ്‍ന പദ്ധതികളിൽ ഒന്നായ ഹൌറപാലം യാഥാർഥ്യമായാൽ നഗരത്തിലെ തിരക്ക് പൂർണമായും നിയന്ത്രണ വിധേയമാകുകയും ചെയ്യും. ഇതെല്ലാം മുന്നിൽകണ്ടാണ് ദീർഘവീക്ഷണമുള്ള നടപടികൾ കൈക്കൊള്ളേണ്ടത്.

Most Read: രാജ്യത്തെ മുസ്‌ലിങ്ങൾക്ക് അവർ സുരക്ഷിതരല്ലെന്ന ഭയമുണ്ട്; ഹമീദ് അൻസാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE