പാലക്കാട്: ജില്ലയിൽ ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചതിനെ തുടർന്ന് ചരിഞ്ഞ സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാനായില്ല. വനം വകുപ്പ്-പോലീസ് ഉദ്യോഗസ്‌ഥരുടെ സംയുക്‌ത സംഘം പ്രതികളെ പിടികൂടാതെ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.
2020 മേയ് 27ന് മണ്ണാര്‍ക്കാട് അമ്പലപ്പാറയിലെ വെളളിയാര്‍പുഴയിലാണ് സമൂഹമനസാക്ഷിയെ പിടിച്ചുലച്ച സംഭവം നടന്നത്. സ്‌ഫോടക വസ്‌തു വായിൽ പൊട്ടിത്തെറിച്ച് മുറിവേറ്റ ഗർഭിണിയായ കാട്ടാന പാലക്കാട് ജില്ലയിലെ വെള്ളിയാര്‍ നദിയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. ദിവസങ്ങളോളം പുഴയിൽ നിന്ന കാട്ടാന പിന്നീട് ചരിഞ്ഞു. 15 വയസോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് പോസ്‌റ്റുമോർട്ടത്തിലാണ് വ്യക്‌തമായത്.
കൈതച്ചക്കയില്‍ സ്‌ഫോടക വസ്‌തു വച്ച് നൽകി ഗര്‍ഭിണിയായ കാട്ടാനയെ കൊന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കൈതച്ചക്കയല്ല , കാട്ടുപന്നിയെ പിടിക്കാനായി വച്ച തേങ്ങാപ്പടക്കമാണ് ആനയുടെ ജീവന്‍ അപകടത്തിലാക്കിയതെന്ന് വനംവകുപ്പ് പിന്നീട് കണ്ടെത്തിയിരുന്നു.
കേസിലെ ഒന്നാംപ്രതി അമ്പലപ്പാറ സ്വദേശിയും തോട്ടം ഉടമയുമായ അബ്‌ദുൽ കരീം, ഇദ്ദേഹത്തിന്റെ മകന്‍ രണ്ടാംപ്രതി റിയാസുദ്ദീന്‍ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയായിരുന്ന വില്‍സനെ മൂന്നാം പ്രതിയാക്കി കഴിഞ്ഞവര്‍ഷം ജൂണ്‍ 5ന് അറസ്‌റ്റ് ചെയ്‌തെങ്കിലും വില്‍സന്‍ പിന്നീട് ജാമ്യത്തിലിറങ്ങി.
പ്രതികളെ എത്രയും വേഗം പിടികൂടാനാണ് പോലീസിനെക്കൂടി ഉള്‍പ്പെടുത്തി വനംവകുപ്പ് സംയുക്‌ത അന്വേഷണം തുടങ്ങിയത്. ഇതുകൂടാതെ വനംവകുപ്പിന്റെ ഒരു പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിച്ചിട്ടും ഫലമുണ്ടാകുന്നില്ല. കേസിൽ വനം വകുപ്പിന്റേത് മെല്ലെപ്പോക്ക് നയമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Malabar News: ലോക്ക്ഡൗൺ മറയാക്കി അട്ടപ്പാടിയിൽ വ്യാപക വ്യാജമദ്യ നിർമാണം