ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. മാസത്തില്‍ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകള്‍ യാത്ര ചെയ്യണമെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്‌തമാക്കി. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് രാജ്യ തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായത്.
നിലവിൽ ഡെൽഹിയിലെ വായു ഗുണനിലവാര സൂചിക 380 ആണ്. മലിനീകരണം കുറയ്‌ക്കുന്നതിന് നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും, വ്യവസായ മേഖലക്കും പൊതു ജനങ്ങൾക്കും ഇത് ബാധകമാണെന്നും മനീഷ് സിസോദിയ അറിയിച്ചു. കൂടാതെ മലിനീകരണം കുറക്കാനും, പരിസ്‌ഥിതിയെ സംരക്ഷിക്കാനും ഒരു ദിവസമെങ്കിലും ആളുകൾ യാത്രാരീതി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായുമലിനീകരണം രൂക്ഷമായ ഡെൽഹിയിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയും നിർദ്ദേശം നൽകിയിരുന്നു. ഒക്‌ടോബർ 24 മുതല്‍ ഈ മാസം 8ആം തീയതി വരെയുള്ള കാലയളവില്‍ ഉണ്ടായ വാഹനപുകയാണ് അതി രൂക്ഷമായ വായു മലിനീകരണത്തിലേക്ക് നയിച്ചതെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് വ്യക്‌തമാക്കുന്നത്. ഡെല്‍ഹിക്ക് പുറമെ കൊല്‍ക്കത്തയിലും മുംബൈയിലും അന്തരീക്ഷ മലിനീകരണം നിലവിൽ മോശമാണ്.
Read also: യാഥാർഥ്യബോധമില്ല, സംസ്‌ഥാന ബജറ്റ് നോക്കുകുത്തി; വിമർശിച്ച് സിഎജി