ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്‌ഞാനേന്ദ്ര. ചില സംസ്‌ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമമുണ്ടെന്നും കര്‍ണാടകയും ഇതിനെക്കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഠിച്ചതിന് ശേഷം ബില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. പ്രലോഭനത്തെ തുടര്‍ന്ന് തന്റെ മാതാവ് ക്രിസ്‌ത്യൻ മതത്തിലേക്ക് മാറിയെന്ന് ബിജെപി എംഎല്‍എ നിയമസഭയില്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഹൊസ്‌ദുർഗ എംഎല്‍എ ഗൂളിഹട്ടി ശേഖറാണ് സംസ്‌ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ശൂന്യവേളയില്‍ ആരോപിച്ചത്. തന്റെ മാതാവിനെ പ്രലോഭിപ്പിച്ച് ക്രിസ്‌ത്യാനിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. മസ്‌തിഷ്‌ക പ്രക്ഷാളനത്തിലൂടെ അവർ മതപരിവര്‍ത്തനം നടത്തി. ഇപ്പോൾ തന്റെ മാതാവ് നെറ്റിയില്‍ കുറിവരക്കുകയോ പൂജ ചെയ്യുകയോ ചെയ്യുന്നില്ല. ഫോണിലെ റിങ്ടോണ്‍ പോലും ക്രിസ്‌ത്യൻ ഭക്‌തിഗാനമാണ്; എംഎൽഎ ശേഖർ ആരോപിച്ചു.
തന്റെ മണ്ഡലത്തില്‍ മാത്രം 20000ത്തോളം പേര്‍ മതപരിവര്‍ത്തനം നടത്തി ക്രിസ്‌ത്യാനിയായി. ദളിത്, ഒബിസി, മുസ്‌ലിം വിഭാഗങ്ങളാണ് ക്രിസ്‌ത്യൻ മതത്തിലേക്ക് പോയത്. സംസ്‌ഥാനത്ത് ഇത്തരം മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് സര്‍ക്കാരിന് അറിയാമെന്ന് ആഭ്യന്തര മന്ത്രി സമ്മതിച്ചു. ആളുകളെ പ്രലോഭിപ്പിച്ച് മറ്റൊരു മതത്തിലേക്ക് ചേര്‍ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും സംസ്‌ഥാനത്ത് മാത്രമല്ല, രാജ്യത്തുടനീളം വ്യാപകമായ മതപരിവര്‍ത്തന ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട വ്യക്‌തമായ കണക്കുകൾ ഒന്നും തന്നെ സർക്കാർ ഇതുവരെയും നിയമസഭയിൽ അവതരിപ്പിക്കുകയോ, റിപ്പോർട് സമർപ്പിക്കുകയോ ചെയ്‌തിട്ടില്ല. ഇത്രയധികം മതപരിവർത്തനങ്ങൾ നടന്നിട്ടും അതുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള അന്വേഷണങ്ങൾ പ്രഖ്യാപിക്കാനും തയ്യാറായിട്ടില്ല. ഇതിനിടയിലാണ് മതപരിവർത്തന നിരോധന നിയമമെന്ന ആശയവുമായി സർക്കാർ രംഗത്ത് വരുന്നത്.
Read Also: സന്ദർശകരുടെ തിരക്ക് വർധിക്കുന്നു; പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്തും