തിരുവനന്തപുരം: വിഡി സതീശനെതിരെയുള്ള പ്രതിഷേധത്തില്‍ തൊഴിലാളികള്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങി ഐഎന്‍ടിയുസി. ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും നടന്ന പ്രതിഷേധങ്ങളില്‍ ജില്ലാ ഘടകങ്ങളോട് ഐഎന്‍ടിയുസി റിപ്പോര്‍ട് തേടി. പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന കെപിസിസിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചത് അച്ചടക്ക ലംഘനമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചര്‍ച്ചയിലും സതീശന്‍ ഈ നിലപാടില്‍ ഉറച്ചുനിന്നു. പുറത്തു വാളുയര്‍ത്തിയ ആര്‍ ചന്ദ്രശേഖരന്‍ ചര്‍ച്ചയില്‍ അനുനയത്തിന് വഴങ്ങി. ഇതിന് പിന്നാലെയാണ് ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും നടന്ന പ്രതിഷേധങ്ങളില്‍ ജില്ലാ ഘടകങ്ങളോട് ഐഎന്‍ടിയുസി റിപ്പോര്‍ട് തേടിയത്.
ജില്ലാ അധ്യക്ഷൻമാരോട് പ്രതിഷേധ പ്രകടനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട് സമര്‍പ്പിക്കാനാണ് ഐഎന്‍ടിയുസി സംസ്‌ഥാന ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. ഏതു സാഹചര്യത്തിലാണ് അത്തരം പ്രതിഷേധമുയര്‍ന്നതെന്നും, ആരാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനവും നേതൃത്വവും നല്‍കിയതെന്നും ഉള്‍പ്പെടെയാണ് റിപ്പോര്‍ട് നല്‍കേണ്ടത്.
വിഷയത്തിൽ ജില്ലാ അധ്യക്ഷൻമാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരായ നടപടി നിര്‍ദ്ദേശം സംസ്‌ഥാന നേതൃത്വം അംഗീകരിക്കുമ്പോഴും, താഴെത്തട്ടില്‍ തൊഴിലാളികള്‍ കടുത്ത അതൃപ്‌തിയിലാണെന്നാണ് സൂചന.
Read Also: കെഎസ്ഇബി ചെയർമാനെതിരെ ഇന്ന് ഇടത് സംഘടനയുടെ സത്യാഗ്രഹം