തിരുവനന്തപുരം: വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോകിനെതിരെ ഇടത് സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ ഒരു മണിവരെ സത്യാഗ്രഹം. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്‌ത നടപടിയിലും ഇവരോട് സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെന്നും ആരോപിച്ചാണ് സത്യാഗ്രഹം. ഓഫിസേഴ്‌സ് അസോസിയേഷന്റെ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.
ചെയർമാന്റെ ഏകപക്ഷീയ പ്രവർത്തനങ്ങളും പ്രവർത്തനങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കുക, സ്‌ത്രീത്വത്തെ അവഹേളിക്കുന്ന സമീപനം തിരുത്തുക എന്നീ ആവശ്യങ്ങൾ സമരക്കാർ ഉന്നയിക്കുന്നു. അതേസമയം ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാക്കി ചെയർമാൻ ഉത്തരവിറക്കി.
എന്നാൽ വിരട്ടൽ അംഗീകരിക്കില്ലെന്നും ചെയർമാന്റെ സമീപനം തിരുത്തിയില്ലെങ്കിൽ അനിശ്‌ചിത കാലത്തേക്ക് സമരത്തിലേക്ക് കടക്കുമെന്നാണ് ഓഫിസേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ്. ഇതിനിടെ ചെയർമാന് പിന്തുണയുമായി ഏഴ് ഡയറക്‌ടർമാർ വാർത്താ കുറിപ്പിറക്കി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സസ്‌പെൻഷൻ ചട്ടപ്രകാരമാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അടിസ്‌ഥാന രഹിതമാണെന്നും ഡയറക്‌ടർമാർ പറയുന്നു.
Read Also: ഖത്തർ ലോകകപ്പ്; രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും