കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കൂടുതൽ നടപടിയുമായി സിപിഎം

By Desk Reporter, Malabar News
Kuttiady-CPM-Protest
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ നടത്തിയ പരസ്യ പ്രതിഷേധത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം. പ്രതിഷേധം തടയാത്തതിന് മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളോട് വിശദീകരണം തേടി. കുറ്റ്യാടി എംഎൽ എ കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരായ ജില്ലാ കമ്മിറ്റിയുടെ നടപടിക്ക് പിന്നാലെയാണ് പ്രാദേശിക നേതാക്കളോട് സിപിഎം വിശദീകരണം തേടിയത്. രണ്ടു ലോക്കൽ കമ്മിറ്റികളിലെ നേതാക്കൾക്കെതിരെയും അച്ചടക്കനടപടിക്ക് സാധ്യതയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പ്രതിഷേധിച്ചു നടന്ന പരസ്യപ്രകടനമാണ് പാർട്ടി നടപടികൾക്ക് ആധാരം. ഇത് ചർച്ചചെയ്യാൻ ഇന്നലെ രാവിലെ ചേർന്ന കുന്നുമ്മൽ ഏരിയാ കമ്മിറ്റി യോഗത്തിൽ കമ്മിറ്റി അംഗങ്ങളായ മൂന്ന് പേരോട് വിശദീകരണം ആവശ്യപ്പെട്ടു. കുന്നുമ്മൽ ഏരിയാ കമ്മറ്റി അംഗങ്ങളായ ടികെ മോഹൻദാസ്, കെപി ചന്ദ്രിക, കുന്നുമ്മൽ കണാരൻ എന്നിവരോടാണ് വിശദീകരണം തേടിയത്. പാർടിയെ വെല്ലുവിളിച്ചുള്ള പരസ്യപ്രതിഷേധം അറിഞ്ഞിട്ടും തടയാതിരുന്നതിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

കെപി ചന്ദ്രിക കുറ്റ്യാടി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ടികെ മോഹൻ ദാസ് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാണ്. രാത്രിവരെ നീണ്ടു നിന്ന യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ, സി ഭാസ്‌കരൻ, എ പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

സംഭവത്തിൽ കുറ്റ്യാടി എംഎൽഎ കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഇദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സംസ്‌ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.

നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ തീരുമാനപ്രകാരം കുറ്റ്യാടി സീറ്റ് സിപിഎം കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയിരുന്നു. മുഹമ്മദ് ഇക്‌ബാലിനെ സ്‌ഥാനാർഥിയാക്കുകയും ചെയ്‌തു. ഇതിനെതിരെ സിപിഎം പ്രാദേശിക നേതാക്കളിൽ ചിലരും അംഗങ്ങളും നൂറുകണക്കിന് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്‌ഥാനാർഥിയാക്കണമെന്ന് ആയിരുന്നു പ്രതിഷേധകരുടെ ആവശ്യം. പ്രതിഷേധം കനത്തതോടെ കേരള കോൺഗ്രസ് എം പിൻമാറുകയും സീറ്റ് സിപിഎം ഏറ്റെടുത്ത് കുഞ്ഞമ്മദ് കുട്ടിയെ സ്‌ഥാനാർഥിയാക്കുകയും ആയിരുന്നു.

Most Read:  ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE