തിരുവനന്തപുരം: ഒന്നര മാസത്തെ വീടിനുള്ളിലെ ലോക്ക്‌ഡൗൺ ജീവിതം ഏറെക്കുറെ അവസാനിച്ചു. സംസ്‌ഥാനത്ത് ലോക്ക്‌ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രോഗതീവ്രതയുടെ അടിസ്‌ഥാനത്തിൽ തദ്ദേശസ്‌ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകൾ വന്നത്. കെഎസ്‌ആർടിസി ഉൾപ്പടെ പൊതുഗതാഗതം പുനരാരംഭിച്ചു. എല്ലാ സർക്കാർ ഓഫീസുകളും 25 ശതമാനം ജീവനക്കാരെ വെച്ച് ഇന്ന് മുതൽ പ്രവർത്തിക്കും.
രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് പ്രാദേശികതലത്തിലാണ് ഇളവുകൾ നിലവിൽ വന്നിരിക്കുന്നത്. ടിപിആർ (ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്) 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്‌ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുക. ടിപിആർ 20നും 30നും ഇടയിലുള്ള സ്‌ഥലങ്ങളിൽ ചെറിയ ഇളവുകളുണ്ടാകും. 8നും 20നും ഇടയിലാണെങ്കിൽ സെമി ലോക്ക്‌ഡൗൺ ആയിരിക്കും. ഇവിടങ്ങളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ എല്ലാ കടകളും തുറക്കാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, കൊല്ലം കോർപറേഷനടക്കം മിക്ക നഗര പ്രദേശങ്ങളും ഈ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ടിപിആർ എട്ടിൽ താഴെയുള്ള സ്‌ഥലങ്ങളിൽ പൂർണ ഇളവുകളുണ്ടാകും. കളക്‌ടർമാർ തദ്ദേശ സ്‌ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇളവുകൾ നിലവിൽ വന്നതോടെ എല്ലാ യാത്രക്കും പോലീസ് പാസെന്ന നിബന്ധന ഒഴിവാക്കി. ടിപിആർ 20ൽ താഴെയുള്ള പ്രദേശങ്ങളിൽ പാസ് വേണ്ട. സത്യവാങ് മൂലം മതിയാകും. എന്നാൽ, ലോക്ക്‌ഡൗണുള്ള പ്രദേശങ്ങളിലേക്കും അവിടെ നിന്ന് പുറത്തേക്കും പോകാൻ പാസ് വേണം. പാസ് എടുക്കാൻ ഇനി വെബ്‌സൈറ്റിൽ അപേക്ഷ നൽകേണ്ട. തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിൽ യാത്ര ചെയ്യുന്ന സ്‌ഥലം, തീയതി, വാഹന നമ്പർ തുടങ്ങിയവ ഉൾപ്പെടുത്തി അപേക്ഷ എഴുതി നൽകി നേരിട്ട് കൈപറ്റാവുന്നതാണ്.
ട്രിപ്പിൾ ലോക്ക്‌ഡൗണുള്ള സ്‌ഥലത്തേക്കും അവിടെ നിന്ന് പുറത്തേക്കും അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ യാത്ര അനുവദിക്കൂ. പൊതുഗതാഗതം രാവിലെ അഞ്ച് മണി മുതൽ പുനരാരംഭിച്ചു. വൈകിട്ട് ഏഴ് മണി വരെയാണ് സർവീസ്. ടിപിആർ നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള സ്‌ഥലങ്ങളിൽ സ്‌റ്റോപ്പ് ഉണ്ടാകില്ല. ടാക്‌സികൾക്കും ഓട്ടോകൾക്കും അവശ്യ യാത്രകൾ അനുവദിച്ചു. അതേസമയം, ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: കുഴല്‍പ്പണക്കേസ്; ധര്‍മരാജൻ രേഖകൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം