ന്യൂഡെൽഹി: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്. പഞ്ചാബിലെ മോഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഹർജോത് കമൽ ആണ് ബിജെപിയിലേക്ക് ചുവട് മാറിയിരിക്കുന്നത്. തന്റെ സീറ്റ് നടൻ സോനു സൂദിന്റെ സഹോദരി മാളവിക സൂദിന് നൽകിയതിൽ അതൃപ്‌തിയുണ്ടെന്ന് ഹർജോത് കമൽ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, കോൺഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജോഗീന്ദര്‍ സിംഗ് മന്നും പാർട്ടി വിട്ടു. കോൺഗ്രസ് വിട്ട് ആം ആദ്‌മി പാര്‍ട്ടിയിലാണ് ജോഗീന്ദര്‍ സിംഗ് മൻ ചേർന്നിരിക്കുന്നത്. ജോഗീന്ദറിന്റെ വരവ് സംസ്‌ഥാനത്തെ എഎപിക്ക് വലിയ ഉത്തേജനം നല്‍കുമെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസില്‍ മൂന്ന് തവണ എംഎല്‍എയും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായ ജോഗീന്ദര്‍ സിംഗ് മന്‍ കോണ്‍ഗ്രസുമായുള്ള 50 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് എഎപിയിലേക്ക് ചേക്കേറുന്നത്.
നിലവില്‍ പഞ്ചാബ് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് ജോഗീന്ദര്‍ സിംഗ് മന്‍. ബിയാന്ത് സിംഗ്, രജീന്ദര്‍ കൗര്‍ ഭട്ടല്‍, അമരീന്ദര്‍ സിംഗ് എന്നിവരുള്‍പ്പെടുന്ന മന്ത്രിസഭകളിൽ ഉണ്ടായിരുന്ന മന്‍, ഈ പദവിയും രാജിവച്ചുകൊണ്ടാണ് പാര്‍ട്ടി വിട്ടത്.
Most Read: മൂന്നാഴ്‌ചക്കുള്ളിൽ കോവിഡ് അതിതീവ്ര വ്യാപന സാധ്യത; ആരോഗ്യമന്ത്രി