തിരുവനന്തപുരം: നിയമസഭയിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുന്ന നിലമ്പൂർ എംഎൽഎ പിവി അൻവറിന് എതിരെ പ്രതിപക്ഷം രംഗത്ത്. നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുമ്പോഴും അൻവർ വിദേശത്താണുള്ളത്. ഇതുവരെ ആകെ അഞ്ച് ദിവസമാണ് അൻവർ നിയമസഭയിൽ ഹാജരായത്. ഈ സാഹചര്യത്തിലാണ് അൻവറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ രംഗത്ത് വന്നത്.
എന്തുകൊണ്ടാണ് അൻവർ സഭയിലേക്ക് വരാത്തതെന്ന് വ്യക്‌തമാക്കേണ്ടത് സർക്കാരും പാർട്ടിയുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള മൂന്ന് മാസം അദ്ദേഹം സ്‌ഥലത്തില്ലായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും അദ്ദേഹം ഇവിടെയില്ല.
ഇങ്ങനെയാണെങ്കിൽ അദ്ദേഹം രാജിവെച്ചു പോകുന്നതാണ് നല്ലത്. അസുഖം കാരണം ഒരാൾ നീണ്ടകാലം വിട്ടു നിന്നാൽ നമുക്ക് മനസിലാക്കാം. എന്നാൽ ബിസിനസ് നടത്താനായി ഒരാൾ നിയമസഭ ഒഴിവാക്കുകയാണെങ്കിൽ അദ്ദേഹം എംഎൽഎയായി ഇരിക്കേണ്ട കാര്യമില്ല; വിഡി സതീശൻ സഭയിൽ പറഞ്ഞു.
ഏതെങ്കിലും ഒരു അംഗം അറുപത് ദിവസം തുടർച്ചയായി സഭയിൽ ഹാജരാകാതിരുന്നാൽ പരാതി ലഭിച്ചില്ലെങ്കിലും അയാളുടെ നിയമസഭാംഗത്വം റദ്ദാവും എന്നാണ് നിയമസഭയുടെ 194/4 ചട്ടത്തിൽ പറയുന്നത്. ഈ ചട്ടം നിയമസഭയിൽ അൻവറിനെതിരെ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം, വിദേശത്തുള്ള പിവിഅൻവർ ഈ മാസം പകുതിയോടെ മടങ്ങിയെത്തുമെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന വിവരം.
Read Also: രാജ്യത്തെ ഇന്ധനവില വർധന; വിമർശനവുമായി സുബ്രഹ്‌മണ്യ സ്വാമി