ദോഹ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്. ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ നിന്ന് ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ സാഹചര്യങ്ങൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശം അനുസരിച്ച് മറ്റ് സ്‌ഥലങ്ങളിൽ നിന്നുള്ള സർവീസുകളുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് അറിയിപ്പ്.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗ്, കേപ്‌ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് 12 മുതൽ തുടങ്ങുന്നത്. ജോഹന്നാസ്‌ബർഗിൽ നിന്ന് ദിവസേന രണ്ട് സർവീസുകളും കേപ്‌ടൗണിൽ നിന്ന് ഒരു സർവീസുമായിരിക്കും ഉണ്ടാകുക. ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്കാണ് ഖത്തർ എയർവേയ്‌സ് നവംബർ 27 മുതൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്ക് പുറമേ അംഗോള, സാംബിയ, സിംബാംവേ, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Also Read: നിസ്‌കാരം അനുവദിക്കില്ല; ഹരിയാനയില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രമം തുടരുന്നു