തിരുവനന്തപുരം: ക്‌ളബ് ഹൗസിൽ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ സജീവമെന്ന് പോലീസ്. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും ഗ്രൂപ്പുകളുടെ ഭാഗമായുണ്ടെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ഒരാഴ്‌ചയായി സമൂഹ മാദ്ധ്യമങ്ങളെല്ലാം പോലീസ് നിരീക്ഷിച്ച് വരികയാണ്. സാമുദായിക സ്‌പർദ വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ കൂടുതലായി പ്രചരിക്കുന്ന സാഹചര്യത്തിൽ കർശന നടപടി വേണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ നിരീക്ഷണത്തിലേക്ക് കടന്നപ്പോൾ പോലീസ് ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ക്‌ളബ് ഹൗസിലേക്കാണ്.
ക്‌ളബ് ഹൗസ് ശബ്‌ദസന്ദേശങ്ങൾ വഴിയാണ് ആശയവിനിമയം നടത്തുന്നത് എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. തീവ്രവാദ സംഘടനകളെ പിന്തുണച്ച് കൊണ്ടുള്ള ചർച്ചകൾ പല ഗ്രൂപ്പുകളിലും നടക്കുന്നുണ്ടെന്നാണ് പോലീസ് പ്രാഥമിക നിരീക്ഷണത്തിൽ കണ്ടെത്തിയത്. അതോടൊപ്പം സ്‌ത്രീകൾക്കെതിരായ ലൈംഗിക അധിക്ഷേപം കലർന്ന സംഭാഷണങ്ങളും പല ഗ്രൂപ്പുകളിലും നടക്കുന്നുണ്ട്. യുവാക്കളും വിദ്യാർഥികളും ഉൾപ്പടെയുള്ളവരാണ് ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങൾ.
ഈ സാഹചര്യത്തിലാണ് സൈബർ ഡോമിന്റെയും പോലീസിന്റെ ഹൈ ടെക് സെല്ലിന്റെയും നേതൃത്വത്തിൽ നിരീക്ഷണം ശക്‌തമാക്കിയത്. ഗ്രൂപ്പുകളിൽ തീവ്രസ്വഭാവമുള്ള ചർച്ചകളും മറ്റും നടക്കുന്നുണ്ടെന്ന് കണ്ടെത്തിയാൽ ക്‌ളബ് ഹൗസുമായി നേരിട്ട് ബന്ധപ്പെട്ട് അതിന്റെ അഡ്‌മിൻ ആരെന്ന് കണ്ടെത്തി കേസെടുക്കുമെന്നും പോലീസ് വ്യക്‌തമാക്കി.
Also Read: സാഹചര്യം അനുകൂലം; തിയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ