ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോൺഗ്രസിന്റെ കത്ത്. ഭാരത് ജോഡോ യാത്രയിൽ ഡെൽഹിയിൽ ഉണ്ടായ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് കത്ത് നൽകിയത്. കഴിഞ്ഞ 24ന് ഡെൽഹിൽ നടന്ന പര്യടനത്തിൽ വലിയ സുരക്ഷാ വീഴ്‌ച ഉണ്ടായെന്നാണ് കോൺഗ്രസിന്റെ പരാതി.
ഒന്നിലധികം തവണ വെല്ലുവിളി അടക്കം ഉയർന്ന സാഹചര്യമുണ്ടായി. ഭാരത് ജോഡോ യാത്രികരും കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് രാഹുലിന് അപ്പോൾ സുരക്ഷ ഒരുക്കിയത്. ഡെൽഹി പോലീസ് വെറും കാഴ്‌ചക്കാരെ പോലെ നോക്കിനിന്നുവെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അമിത്ഷാക്ക് നൽകിയ കത്തിൽ ആരോപിക്കുന്നത്.
ഇസഡ് പ്ളസ് സുരക്ഷയുള്ളയാളാണ് രാഹുൽ ഗാന്ധി. ജനുവരി മൂന്നിന് യാത്ര രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. പഞ്ചാബ്, കശ്‌മീർ എന്നിവിടങ്ങളിലേക്ക് യാത്ര കടക്കാനിരിക്കെ സുരക്ഷ കൂട്ടണമെന്നാണ് ആവശ്യം. അതേസമയം, ഭാരത് ജോഡോ യാത്രക്കിടെ രാഹുൽഗാന്ധിയുമായി സംവദിച്ചവരെ ഇന്റലിജൻസ് ചോദ്യം ചെയ്യുന്നതിലെ അതൃപ്‌തിയും അമിത് ഷായെ നേരിട്ടറിയിച്ചു. കണ്ടെയ്‌നറിൽ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയതിനെയും കോൺഗ്രസ് അപലപിച്ചു.
അതേസമയം, ഭാരത് ജോഡോ യാത്ര കശ്‌മീരിൽ എത്തുമ്പോൾ പ്രതിപക്ഷ കക്ഷികളെല്ലാം യാത്രയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്. സംസ്‌ഥാനത്തെ മൂന്ന് മുഖ്യമന്ത്രിമാർ യാത്രയിൽ അണിചേരും. ഫാറൂഖ് അബ്‌ദുള്ള, ഒമർ അബ്‌ദുള്ള, മെഹ്ബൂബ മുഫ്‌തി എന്നിവരാണ് യാത്രയിൽ അണിചേരുക. അതോടൊപ്പം തന്നെ ഗുപ്‌തർ സഖ്യത്തിന്റെ ഭാഗമായ സിപിഐഎമ്മിന്റെ നേതാവ് യൂസഫ് തരിഗാമിയും രാഹുലിനോടൊപ്പം നടക്കും.
അതിനിടെ, യാത്രയിൽ ഉടനീളം രാഹുൽഗാന്ധി ധരിച്ച വേഷവും ശ്രദ്ധിക്കപ്പെട്ടു. പലപ്പോഴും ടീ ഷർട്ട് ധരിച്ചാണ് രാഹുൽ യാത്രയിൽ പങ്കെടുക്കുന്നത്. ഡെൽഹി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. മരംകോച്ചുന്ന ഈ തണുപ്പിലുടനീളം ടീ ഷർട്ട് മാത്രം ധരിച്ച രാഹുലിനെ അതിശയത്തോടെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്.
രാഹുൽഗാന്ധിക്ക് തണുപ്പ് തോന്നുന്നില്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ടീ ഷർട്ട് ഇപ്പോഴത്തെ വേഷമാണ്. തണുപ്പിനെ പ്രതിരോധിക്കാൻ ആവുന്നുണ്ടെന്നും അല്ലാത്തപക്ഷം മറ്റൊന്നിനെ കുറിച്ച് ചിന്തിക്കാമെന്നുമാണ് ടീ ഷർട്ടിനെ കുറിച്ച് സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞത്.
Most Read: സോളാർക്കേസ് സിബിഐ നടപടി; പ്രതികരിക്കാതെ മുഖ്യമന്ത്രി- മാപ്പ് പറയണമെന്ന് വിഡി സതീശൻ