തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. ഇന്ന് മുതൽ 20ആം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്.
നാളെ കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും 20ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം വടക്കൻ ത്രിപുരക്ക് മുകളിൽ ന്യൂനമർദ്ദമായി ശക്‌തി കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. അടുത്ത ആറു മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാനാണ് സാധ്യത. തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി സ്‌ഥിതി ചെയ്യുന്നുണ്ട്. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്‌ഥിതി ചെയ്യുന്നുണ്ട്. ഇതാണ് കേരളത്തിൽ മഴ തുടരാൻ കാരണം.
Most Read| ഓപ്പൺ എഐ; സിഇഒ സാം ആൾട്‌മാനെ പുറത്താക്കി- പിന്നാലെ പ്രസിഡണ്ട് രാജിവെച്ചു