ന്യൂയോർക്ക്: ചാറ്റ് ജിപിടി നിർമാണ കമ്പനിയായ ഓപ്പൺ എഐയുടെ സിഇഒ സ്‌ഥാനത്ത് നിന്ന് സാം ആൾട്‌മാനെ പുറത്താക്കി. പിന്നാലെ സഹ സ്‌ഥാപകനും പ്രസിഡണ്ടുമായ ഗ്രെഗ് ബ്രോക്‌മാൻ രാജിവെക്കുകയും ചെയ്‌തു. ഓപ്പൺ എഐയെ മുന്നോട്ട് നയിക്കാൻ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയാണ് സിഇഒ സ്‌ഥാനത്ത് നിന്ന് പുറത്താക്കിയതെന്ന് കമ്പനി അറിയിച്ചു.
ബോർഡുമായുള്ള ആശയവിനിമയത്തിൽ സാം സ്‌ഥിരത പുലർത്തിയിരുന്നില്ലെന്നും കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. കമ്പനിയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസം നഷ്‌ടമായതും സിഇഒ സാം ആൾട്‌മാനെ പുറത്താക്കാനുള്ള കാരണമായി ഓപ്പൺ എഐ ചൂണ്ടിക്കാണിക്കുന്നു. കമ്പനിയുടെ പിരിച്ചുവിടൽ നടപടിയെ തുടർന്നാണ് സഹ സ്‌ഥാപകനും പ്രസിഡണ്ടുമായ ഗ്രെഗ് ബ്രോക്‌മാനും രാജിവെച്ചത്.
‘ഓപ്പൺ എഐയിൽ ചിലവഴിച്ച എന്റെ സമയം ഞാൻ ഇഷ്‌ടപ്പെട്ടിരുന്നു. വ്യക്‌തിപരമായി അത് എന്നിൽ പരിവർത്തനം ഉണ്ടാക്കിയിട്ടുണ്ട്. അതിനേക്കാൾ എല്ലാം ഉപരി, ഇങ്ങനെയുള്ള കഴിവുകളുള്ള ആളുകൾക്കൊപ്പം ജോലി ചെയ്യാൻ എനിക്ക് ഇഷ്‌ടമാണ്. അടുത്തതെന്ത് എന്ന് പിന്നീട് കുറെേപറയാനുണ്ട്’- സാം ആൾട്‌മാൻ എക്‌സ് പ്ളാറ്റുഫോമിൽ പറഞ്ഞു.
ഓപ്പൺ എഐ അവതരിപ്പിച്ച ചാറ്റ് ജിപിടി എന്ന ചാറ്റ് ബോട്ട് ജനപ്രീതി പിടിച്ചുപറ്റിയതോടെയാണ് കമ്പനി മേധാവിയായ സാം ആൾട്‌മാനെ സാങ്കേതിക രംഗത്തെ മുൻനിര വ്യക്തിത്വങ്ങളിൽ ഒന്നായി വളർന്നത്. 2015 ഡിസംബറിലാണ് സാം ആൾട്‌മാൻ, ഗ്രെഗ് ബ്രോക്‌മാൻ, റെയ്‌ഡ് ഹോഫ്‌മാൻ, ജെസിക്ക ലിവിങ്‌സ്‌റ്റൺ, പീറ്റർ തിയേൽ, ഇലോൺ മസ്‌ക്, ഇല്യ സുറ്റ്‌സ്‌കെവർ, ട്രെവർ ബ്‌ളാക്ക് വെൽ, വിക്കി ചെയുങ്, ആൻഡ്രെ കാർപതി, ഡാർക്ക് കിങ്‌മ, ജോൺ ഷുൾമാൻ, പമേല വഗാറ്റ, വൊസേക്ക് സറെംബെ എന്നിവർ ചേർന്ന് ഓപ്പൺ എഐക്ക് തുടക്കമിട്ടത്.
ചെറിയ കാലത്തിനുള്ളിൽ തന്നെ സൈബർ ലോകത്ത് വൻ തരംഗമായി മാറിയെങ്കിലും മാസങ്ങൾക്ക് ശേഷം തകർച്ച നേരിടേണ്ടി വന്നു. ഉപയോക്‌താക്കളുടെ എണ്ണത്തിൽ അടക്കം വൻ കുറവുണ്ടായി. ഇതോടെയാണ് സാം ആൾട്‌മാനെ പുറത്താക്കാനുള്ള നടപടികളിലേക്ക് നീങ്ങിയത്. 2019 മുതൽ കമ്പനിയിലെ പ്രധാന നിക്ഷേപകർ മൈക്രോ സോഫ്റ്റാണ്. അതേസമയം, കമ്പനി ചീഫ് ടെക്നൊളജി ഓഫീസറായ മിറ മൊറാട്ടിയെ താൽക്കാലിക സിഇഒ ആയി നിയമിച്ചതായി ഓപ്പൺ എഐ അറിയിച്ചു. സ്‌ഥിരം സിഇഒയെ നിയമിക്കുന്നത് വരെ മിറ സ്‌ഥാനത്ത് തുടരും.
Most Read| സ്വകാര്യ മേഖലയിൽ 75% സംവരണം; ഹരിയാനയിലെ തൊഴിൽ നിയമം റദ്ദാക്കി