ന്യൂഡെൽഹി: പോലീസിനെ ഞെട്ടിച്ച് സിജെപി നേതാക്കളും പ്രവർത്തകരും ജന്തർ മന്തറിൽ പ്രവേശിച്ചു. ത്രിവർണ പതാകയുമായി ഏതാനും സിജെപി പ്രവർത്തകർ സമീപത്തെ ജെഡിയു ഓഫീസിന്റെ ഗേയ്റ്റിന് മുകളിലൂടെയാണ് ജന്തർ മന്തറിലേക്ക് പ്രവേശിച്ചത്.
സിജെപിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ തൽസമയം ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു. വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് പ്രവേശിച്ച അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന് അഭിജീത് ദീപ്കെ എക്സിൽ അറിയിച്ചു.
ജന്തർ മന്തറിൽ സമരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി ഡെൽഹി പോലീസിന് ഇന്നലെ കത്ത് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് പ്രഖോഭം ആരംഭിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് സിജെപിക്കാരുടെ നുഴഞ്ഞുകയറ്റം. എന്നാൽ സിജെപി അപേക്ഷ നൽകി ഒരുമണിക്കൂറിന് ശേഷമാണ് ജന്തർ മന്തറിൽ ഇനിമുതൽ സമരം അനുവദിക്കില്ലെന്ന ഉത്തരവ് ഡെൽഹി പോലീസ് ഇറക്കിയത്.
ഡെൽഹിയിൽ പ്രതിഷേധങ്ങൾക്കും ധർണകൾക്കുമായി മൂന്ന് പുതിയ ഔദ്യോഗിക വേദികളും പോലീസ് നിശ്ചയിച്ചിട്ടുണ്ട്. രാംലീല മൈതാനം, ബുരാരി മൈതാനം, സിബിഡി മൈതാനം എന്നിവയാണ് പുതിയ സമര വേദികൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതി സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!


































