ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയച്ച് എഐസിസി. സ്‌ഥാനാർഥി പ്രഖ്യാപനത്തിൽ ഇടഞ്ഞു നിൽക്കുന്ന സംസ്‌ഥാന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ. മല്ലികാർജുൻ ഖാർഗെ മഹാരാഷ്‌ട്രയിലും, പവൻകുമാർ ബൻസാൽ, ടിഎസ് സിംഗ് ദേവ് എന്നിവരെ രാജസ്‌ഥാനിലേക്കും, ഹരിയാനയിലേക്ക് ഭൂപേഷ് ബാഗേൽ, രാജീവ് ശുക്ള എന്നിവരെയുമാണ് നിരീക്ഷകരായി ചുമതലപ്പെടുത്തിയത്.
അതേസമയം കോണ്‍ഗ്രസ് വിട്ട പഞ്ചാബിലെ നേതാക്കളുടെ പട്ടിക നീളുകയാണ്. അമരീന്ദര്‍സിംഗ്, സുനില്‍ ജാക്കര്‍, നാല് മുന്‍ മന്ത്രിമാര്‍, ഒരു എംഎല്‍എയാണ് പാർട്ടിവിട്ടത്. അസംതൃപ്‌തരായി കോൺഗ്രസ് നേതാക്കള്‍ പാളയം വിടുന്നുവെന്ന സൂചന ലഭിച്ചതോടെ മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കറിനെ തുറുപ്പ് ചീട്ടാക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.
സുനില്‍ ജാക്കര്‍ എത്തിയതോടെ അദ്ദേഹവുമായി അടുത്ത് ബന്ധമുള്ള നേതാക്കളെ ഒന്നൊന്നായി ബിജെപിയിൽ എത്തിക്കാനാകുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. സുനില്‍ ജാക്കറിന്റെ വീട്ടിലെ അത്താഴ വിരുന്നില്‍ ഇന്നലെ പങ്കെടുത്ത അമിത് ഷാ ഒരു മണിക്കൂറിലേറെ നേരം അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തിയെന്നാണ് വിവരം. പഞ്ചാബില്‍ നിര്‍ണായക പദവി സുനില്‍ ജാക്കറിന് നല്‍കുന്നതോടെ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് തന്നെയാണ് ബിജെപി ഉന്നമിടുന്നത്.
Read Also: യുഎസിലെ ടെക്‌സസിൽ വെടിവെപ്പ്; 5 വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്