പത്തനംതിട്ട: ശബരിമല തീർഥാടനത്തിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. വിർച്വൽ ക്യൂ ബുക്കിങ്ങിന്റെ പരിധി 40,000ത്തിലേക്ക് ഉയർത്തി. 5,000 പേർക്ക് സ്‌പോട് ബുക്കിങ്ങിലൂടെയും ദർശനത്തിനെത്താം.
സന്നിധാനത്തെ തിരക്ക് വർധിക്കുന്നതും അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതും കണക്കിലെടുത്താണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിച്ചത്. പമ്പ, നിലയ്‌ക്കൽ, എരുമേലി, കുമളി അടക്കം 10 കേന്ദ്രങ്ങളിൽ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി 5,000 പേർക്കും ദർശനത്തിനെത്താം.
രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷൻ, അല്ലെങ്കിൽ 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ അഞ്ച് വയസിനു താഴെയുള്ള വരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് കരുതണം.
നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം തുടരും. എന്നാൽ, നെയ്യഭിഷേകത്തിന്റെ സമയപരിധി കൂട്ടുന്നത് പരിഗണനയിലുണ്ട്. നിലവിൽ പ്രത്യേക കൗണ്ടറുകൾ വഴിയാണ് അഭിഷേകത്തിനുള്ള നെയ്യ് ശേഖരിക്കുന്നതും പ്രസാദം വിതരണം ചെയ്യുന്നതും. പരമ്പരാഗത പാതയായ നീലിമല വഴിയുള്ള മലകയറ്റം അനുവദിക്കുന്നതിലും തീരുമാനം ഉടനുണ്ടാകും.
Read Also: പ്ളസ് വൺ സീറ്റ്; അധിക ബാച്ചിൽ ഇന്നു തീരുമാനമുണ്ടായേക്കും