കൽപ്പറ്റ: വയനാട് ജില്ലാ കളക്‌ടർ ആയി രേണുരാജ് ചുമതലയേറ്റു. കളക്റ്ററേറ്റിലെ ജീവനക്കാർ ചേർന്ന് രേണുരാജിനെ സ്വീകരിച്ചു. ‘നിറഞ്ഞ മനസോടെയും സന്തോഷത്തോടെയും ഇന്ന് വയനാട് കളക്‌ടറായി ചുമതലയേറ്റു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ബ്രഹ്‌മപുരം വിഷയത്തിൽ കളക്‌ടർ എന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്‌തിട്ടുണ്ടെന്നും’ ചുമതലയേറ്റ ശേഷം രേണുരാജ് ഫേസ്ബുക്കിൽ കുറിച്ചു.
ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ആയിരുന്നു എറണാകുളം കളക്‌ടർ ആയിരുന്ന രേണുരാജിനെ വയനാട്ടിലേക്ക് സ്‌ഥലം മാറ്റിയത്. എന്നാൽ, സ്‌ഥലം മാറ്റം സർക്കാർ ഉദ്യോഗസ്‌ഥരെ സംബന്ധിച്ച് സ്വാഭാവികം മാത്രമാണെന്നാണ് രേണുരാജ് അഭിപ്രായപ്പെടുന്നത്. അതേസമയം, എറണാകുളം ജില്ലയുടെ കളക്‌ടർ സ്‌ഥാനത്ത് നിന്ന് ട്രാൻസ്‌ഫർ ചെയ്‌ത രേണുരാജ് പുതിയ കളക്‌ടർക്ക് ചുമതല കൈമാറുന്ന ചടങ്ങിന് എത്തിയിരുന്നില്ല.
എൻഎസ്‌കെ ഉമേഷിന് ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിൻമാറുകയായിരുന്നു. വയനാട് കളക്‌ടർ ആയിരുന്ന എ ഗീതയെ കോഴിക്കോട്ടേക്ക് ആണ് സ്‌ഥലം മാറ്റിയത്. തൃശൂർ കളക്‌ടർ ഹരിത വി കുമാറിനെ ആപ്പുഴയിലേക്ക് മാറ്റി. വിആർ കൃഷ്‌ണതേജയാണ് പുതിയ തൃശൂർ കളക്‌ടർ.
Most Read: ഭരണ-പ്രതിപക്ഷ ബഹളം; ചോദ്യോത്തര വേള സസ്‌പെൻഡ് ചെയ്‌ത് സഭ പിരിഞ്ഞു