തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിഷേധം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങിയതോടെയാണ് ചോദ്യോത്തര വേളയും ശൂന്യവേളയും സസ്‌പെൻഡ് ചെയ്‌ത് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. കഴിഞ്ഞ ദിവസം സ്‌പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന സമരത്തെ കുറിച്ച്, സ്‌പീക്കർ സംസാരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്.
വിഷയം ഇന്ന് സഭയിൽ സംസാരിച്ച സ്‍പീക്കർ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് പറഞ്ഞു. എന്നാൽ, തങ്ങൾ നടത്തിയത് സത്യഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രകോപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ മറുപടി പറഞ്ഞു. അടിയന്തിര പ്രമേയം അവകാശമാണെന്നും അനുവദിച്ചേ തീരുവെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഇതിനിടയിൽ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്‌ത് ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിയാൻ സ്‍പീക്കർ തീരുമാനിക്കുകയായിരുന്നു. അതേസമയം, സഭാ സ്‌തംഭനം ഒഴിവാക്കാനും, നിയമസഭയിലെ സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ സ്‌പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗം സമവായമാകാതെ പിരിഞ്ഞിരുന്നു.
എംഎൽഎമാരെ മർദ്ദിച്ച വാച്ച് ആന്റ് വാർഡ്‌മാർക്കെതിരെ നടപടി വേണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിന്നു. അതേസമയം, നടുത്തളത്തിൽ സമാന്തര സമ്മേളനം ചേർന്നവർക്ക് എതിരെ നടപടി വേണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടു. ഇതോടെ, സ്‌പീക്കർ വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ വാദപ്രതിവാദമായി. പ്രതിപക്ഷ നേതാവ് വൈകാരികമായി പെരുമാറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചപ്പോൾ, മുഖ്യമന്ത്രിയുടെ ബാലൻസാണ് പോയതെന്ന് പ്രതിപക്ഷ നേതാവും മറുപടി നൽകി. ഇതോടെ, യോഗം പിരിഞ്ഞു.
Most Read: ബഫർ സോൺ; കേരളത്തിന്റെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും