മലപ്പുറം: സംവരണത്തെ ദാരിദ്ര്യ നിർമാർജന പദ്ധതിയായും കേവലം വോട്ട് ബാങ്ക് രാഷ്ട്രീയവുമായി കാണുന്ന സമീപനത്തെ നിശിതമായി വിമർശിക്കുന്ന ശക്തമായ വിധിയാണ് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഈ വിധിയെ ഭരണകൂടം തുറന്ന മനസോടെ ഉൾക്കൊള്ളണം; കേരളമുസ്ലിം ജമാഅത്ത് പ്രസ്താവനയിൽ പറഞ്ഞു.
ചരിത്രപരമായ കാരണങ്ങളാൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള രാഷ്ട്ര ശിൽപ്പികളുടെ ദീർഘ ദൃഷ്ടിയുള്ള തീരുമാനത്തെ കാറ്റിൽ പറത്താനുള്ള നീക്കത്തെയാണ് കോടതി ഇന്നത്തെ വിധിയിലൂടെ തടഞ്ഞിരിക്കുന്നത്.
സാമൂഹിക നീതിയാണ് സംവരണത്തിന്റെ അടിസ്ഥാന മാനദണ്ഡമെന്ന ഭരണഘടനാ മൂല്യത്തെയാണ് ഇതിലൂടെ പരമോന്നത കോടതി സംരക്ഷിച്ചത്. അൻപത് ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലായെന്നുള്ള ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കേണ്ടതില്ല എന്ന കോടതി തീരുമാനവും സ്വാഗതാർഹമാണ്.
മുന്നോക്ക സമുദായങ്ങളിലെ അവശതയനുഭവിക്കുന്ന ആളുകളെ ഉയർത്തി കൊണ്ടുവരാനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാനാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകേണ്ടത്. അതിനു പകരം സാമ്പത്തിക സംവരണമെന്ന ഭരണഘടനാ വിരുദ്ധാശയം അടിച്ചേൽപ്പിക്കുന്ന കുറുക്കുവഴികളിൽ നിന്ന് സർക്കാരുകൾ പിന്തിരിയണം.
സംവരണ വിരുദ്ധരായ സവർണ ശക്തികൾക്കെതിരെ യോജിച്ച പോരാട്ടത്തിന് മുഴുവൻ രാഷ്ട്രീയ കക്ഷികളും ഐക്യപ്പെടണമെന്നും കേരളമുസ്ലിം ജമാഅത്ത് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റംമ്പാറ അബ്ദുറഹ്മാന് ദാരിമി, ജനറൽ സെക്രട്ടറി പിഎം മുസ്തഫ മാസ്റ്റര്‍, ഫിനാൻസ് സെക്രട്ടറി എംഎന്‍ കുഞ്ഞഹമ്മദ് ഹാജി എന്നിവർ സംയുക്തമായാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.
Most Read: രഞ്ജിനി ജോസിന്റെ ഹൃദയഹാരിയായ ഗാനമെത്തി; കേട്ടിരുന്നു പോകുമെന്ന് സോഷ്യൽമീഡിയ