ശബരിമല തീർഥാടനം; കൂടുതൽ ഇളവുകൾ തേടി ദേവസ്വം ബോർഡ്

By Staff Reporter, Malabar News
Sabarimala

പമ്പ: ശബരിമലയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്‌ക്കാനും അനുവദിക്കണമെന്നാണ് ആവശ്യം. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന അവലോകന യോഗത്തിലും ഇളവുകൾ ചർച്ചയായി. തീർഥാടനം തുടങ്ങിയ ശേഷം രണ്ടാം തവണയാണ് ദേവസ്വം മന്ത്രി നേരിട്ട് പങ്കെടുക്കുന്ന യോഗം ചേ‍ർന്നത്. ഒരാഴ്‌ചത്തെ വിലയിരുത്തലിന് ശേഷമാണ് നിയന്ത്രണങ്ങളിലെ ഇളവ് ആവശ്യത്തിന് പച്ചക്കൊടി വീശുന്നത്.

ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ നെയ്യഭിഷേകത്തിന് നിലവിൽ ഏ‍ർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളിൽ മാറ്റം വേണമെന്ന ആവശ്യം നേരത്തെ ശക്‌തമായിരുന്നു. മുൻകാലങ്ങളിലെ പോലെ തന്നെ ഭക്‌തർ ഇരുമുടിക്കെട്ടിൽ കൊണ്ട് വരുന്ന നെയ്യ് അഭിഷേകം നടത്തി മടക്കി നൽകാനുള്ള സൗകര്യമാണ് വീണ്ടും ആലോചിക്കുന്നത്.

സന്നിധാനത്ത് വിരി വയ്‌ക്കാനുള്ള അനുവാദം ഇല്ലാത്തതോടെ ഇവിടെയെത്തുന്ന ഭക്‌തർ പരാമാവധി വേഗത്തിൽ മല ഇറങ്ങേണ്ടതാണ് നിലവിലെ സാഹചര്യം. നിശ്‌ചിത സമയത്തിനുള്ളിൽ മല കയറുകയും ഇറങ്ങുകയും ചെയ്യുന്നതോടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യത കൂടി മുൻ നിർത്തിയാണ് ഇളവ് തേടുന്നത്. നീലിമല പാത തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.

ഇതിന് പിന്നാലെ എരുമേലിയിൽ നിന്നും പുല്ലുമേട്ടിൽ നിന്നുമുള്ള കാനന പാതയും വെട്ടിത്തെളിക്കാൻ വനം വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പ സ്‌നാനത്തിന് സുരക്ഷയൊരുക്കാൻ ത്രിവേണിയിൽ ബാരിക്കേടുകൾ സ്‌ഥാപിക്കാൻ ജലസേചന വകുപ്പിനും നിർദ്ദേശം നൽകി. എന്നാൽ ജലനിരപ്പ് കുറഞ്ഞ ശേഷം മാത്രമായിരിക്കും അനുമതി നൽകുക. കുട്ടികളുടെ ആർടിപിസിആർ പരിശോധനയുടെ കാര്യത്തിലും ആരോഗ്യവകുപ്പിനോട് ഇളവ് തേടും.

Read Also: സിൽവർ ലൈൻ കേരളത്തെ വിഭജിക്കില്ല, 5 വർഷം കൊണ്ട് പൂർത്തീകരിക്കും; കെ- റെയിൽ എംഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE