റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം തുടർന്ന് ഹൂതികൾ. റിയാദ് പ്രവിശ്യ, ദക്ഷിണ സൗദി, ദഹ്റാൻ, ഹരദ് എന്നിവിടങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണ ശ്രമം നടന്നത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂതികളുടെ ശ്രമങ്ങൾ പ്രതിരോധ സേന തടഞ്ഞതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.
റിയാദിലും ദക്ഷിണ സൗദിയിലുമായി രണ്ട് ഡ്രോണുകളും നാല് ക്രൂയിസ് മിസൈലുകളുമാണ് പ്രതിരോധ സംവിധാനം തകർത്തത്. ഇതിനുപുറമെ ദഹ്റാനിലെക്കും ഹരദിലേക്കും ഹൂതി ഭീകരർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളും വിജയകരമായി തടഞ്ഞു. ദഹ്റാനിൽ തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചതായും സഖ്യസേനാ വക്താവ് വ്യക്തമാക്കി.
കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിലുള്ള സൗദി അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെയും ആക്രമണ ശ്രമമുണ്ടായി. ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ ചെറിയ രീതിയിൽ തീപിടിത്തം ഉണ്ടായെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ ഉടനടി ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട് ചെയ്തിട്ടില്ലെന്ന് ഊർജ മന്ത്രാലയം അറിയിച്ചു.
അതേസമയം, റിയാദിൽ വെച്ച് തകർത്ത രണ്ട് ക്രൂയിസ് മിസൈലുകളുടെ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ച് നാലുപേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് അറിയിച്ചു. രണ്ട് സ്ത്രീകൾ, ഒരു പുരുഷൻ, ഒരു കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. കൂടാതെ, 15 റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് ചെറിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്


































