പാലക്കാട്: അട്ടപ്പാടി ശിശുമരണത്തിൽ സംസ്‌ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്‌ടർ, ഡിഎംഒ, അഗളി ഐടിഡിപി പ്രോജക്‌ട് ഓഫിസർ, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് നൽകണമെന്നാണ് നിർദ്ദേശം. മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്നാണ് കമ്മീഷൻ വ്യക്‌തമാക്കിയിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി മേഖലയിൽ നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് നടപടി. നവജാത ശിശുമരണം സംഭവിക്കാനുള്ള കാരണങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള റിപ്പോർട് സമർപ്പിക്കണമെന്നാണ് ഉദ്യോഗസ്‌ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ച് ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്. ഈ വർഷം ഇവിടെ ഒൻപത് കുഞ്ഞുങ്ങൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പട്ടികജാതി ഗോത്രവർഗ കമ്മീഷന്റെ ഇടപെടൽ.
Also Read: ദാരിദ്ര്യ സൂചികയിലെ നേട്ടം യുഡിഎഫ് സർക്കാരിന് അർഹതപ്പെട്ടത്; രമേശ് ചെന്നിത്തല