കോഴിക്കോട്: സ്‌ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടറുകൾ മോഷ്‌ടിക്കുന്ന പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് കുറുവട്ടൂർ പഞ്ചായത്തിലെ പുല്ലാളൂർ മുതുവന പറമ്പിൽ വീട്ടിൽ റഷീദ് അറഫാത്തിനെയാണ് (30) പിടികൂടിയത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്‌ത്രീകളെ പിന്തുടരുകയും തുടർന്ന് മോഷണം നടത്തുകയും ചെയ്‌ത 50 ഓളം കേസുകളിലെ പ്രതിയാണ് റഷീദ്. സമീപ കാലത്ത് കോഴിക്കോട് സിറ്റിയിലും പരിസര പ്രദേശങ്ങളിലും സ്‌കൂട്ടറുകൾ പതിവായി മോഷണം പോകുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി ലഭിച്ചിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങുന്ന സ്‌ത്രീകൾ വീട്ടിലെത്തി സ്‌കൂട്ടറിൽ നിന്നും സാധനങ്ങൾ എടുത്ത് അകത്തേക്ക് കയറുന്ന തക്കം നോക്കിയാണ് ഇയാൾ വാഹനം മോഷ്‌ടിക്കുന്നത്. സ്‌കൂട്ടറിനെ പിന്തുടർന്ന് പോകുന്ന പ്രതി കുറച്ചു അകലെയായി വാഹനം നിർത്തി കാത്ത് നിന്നാണ് മോഷണം നടത്തുന്നത്. മിക്ക സ്‌കൂട്ടറുകളിലും താക്കോൽ അലക്ഷ്യമായി സ്‌കൂട്ടറിൽ തന്നെ വെച്ചവയായിരിക്കും. ഇത് പ്രതിക്ക് കൂടുതൽ സൗകര്യമാകും. തുടർന്ന് മോഷ്‌ടിച്ച സ്‌കൂട്ടറുകളെല്ലാം ഇയാൾ പണയം വെക്കുകയാണ് ചെയ്യുന്നത്. ഈ പണം ചീട്ട് കളിക്കാനാണ് പ്രതി ഉപയോഗിക്കുന്നത്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെല്ലാം നടക്കുന്ന ചീട്ടുകളികളിൽ ‘കുറുവട്ടൂരാൻ’ എന്ന പേരിലാണ് റഷീദിനെ അറിയപ്പെടുന്നത്. അതേസമയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നായി ഏകദേശം 50 ഓളം സ്‌കൂട്ടറുകൾ മോഷ്‌ടിച്ചതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ പോലീസ് ഉടൻ കസ്‌റ്റഡിയിൽ വാങ്ങും. ചേവായൂർ ഇൻസ്‌പെക്‌ടർ പി ചന്ദ്രമോഹൻ, സബ് ഇൻസ്‌പെക്‌ടർമാരായ എം അഭിജിത്ത്, എസ്എസ് ഷാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Most Read: നിഥിന കൊലപാതകം; പ്രതിയെ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി