കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ച തുടർക്കഥയാകുന്നു. കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. ഇന്ന് രാവിലെയാണ് 24 വയസുള്ള യുവാവ് ചാടിപ്പോയത്. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവാവ് ചാടിപ്പോയത്. സ്‌ഥലത്ത് മുഴുവൻ പരിശോധന നടത്തിയപ്പോഴാണ് യുവാവ് പുറത്തേക്ക് പോയെന്ന് കണ്ടെത്തിയത്. പിന്നാലെ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
അതേസമയം, ഇന്ന് ചാടിപ്പോയ യുവാവിനെ പോലീസ് കണ്ടെത്തിയെന്നാണ് വിവരം. മടവൂരിൽ നിന്ന് ആളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് സ്‌ഥലത്ത് എത്തി യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാവിനെ തിരികെ കേന്ദ്രത്തിലേക്ക് തന്നെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്. ഒരാഴ്‌ചക്കിടെ നടക്കുന്ന അഞ്ചാമത്തെ സംഭവമാണിത്. കഴിഞ്ഞ എട്ട് മുതൽ ഇതുവരെ അഞ്ചുപേരാണ് ഇവിടെ നിന്ന് ചാടിപ്പോയത്. ഇതിൽ ഒരാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ തുടർച്ചയായി ഉണ്ടാകുന്ന സുരക്ഷാ വീഴ്‌ചയിൽ ഹൈക്കോടതി ഇടപെടൽ നടത്തിയിരുന്നു. കേന്ദ്രത്തിൽ 8 സുരക്ഷാ ജീവനക്കാരെ ഉടൻ നിയമിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കോടതി ഉത്തരവിനെ തുടർന്ന് സ്വീകരിച്ച നടപടിയിലെ പുരോഗതി സംബന്ധിച്ച് ഈ മാസം 23ആം തീയതി ഹൈക്കോടതിയെ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടയിൽ കേന്ദ്രത്തിൽ ഒരു കൊലപാതകവും നടന്നിരുന്നു. സെല്ലിൽ ഉണ്ടായിരുന്ന അടിപിടിക്കിടെ മഹാരാഷ്‌ട്ര സ്വദേശിയായ യുവതിയാണ് മരിച്ചത്. കഴുത്ത് ഞെരിച്ചു ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്‌റ്റുമോർട്ടത്തിൽ വ്യക്‌തമാക്കിയത്. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന വെല്ലുവിളികൾ.
നിലവില്‍ നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ നിലവില്‍ 480 പേരാണ് കഴിയുന്നത്. ഫണ്ടില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കാന്‍ പോലും ആശുപത്രി മാനേജ്മെന്റിന് കഴിയാത്ത സ്‌ഥിതിയാണ്.
Most Read: കൈക്കൂലി കേസ്; എംജി സർവകലാശാല എംബിഎ സെക്ഷൻ ഓഫിസർക്ക് സസ്‌പെൻഷൻ