കൊച്ചി: യുവതിയുടെ ബലാൽസംഗ ആരോപണത്തിൽ പോലീസ് പ്രതി ചേർത്തതിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ നിവിൻ പോളി. ഇന്ന് രാവിലെയാണ് നിവിൻ പരാതി നൽകിയത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് വ്യക്‌തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നൽകിയത്. കേസിലെ എഫ്ഐആറിന്റെ പകർപ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകുമെന്നും നിവിൻ വ്യക്‌തമാക്കി.
തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലും ഇല്ലെന്നാണ് നിവിന്റെ നിലപാട്. തന്റെ പരാതി കൂടി സ്പെഷൽ ഇൻവെസ്‌റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിൽ എത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വെക്കുന്നത്. മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പോലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതിയെന്നാണ് നിവിന് കിട്ടിയ നിയമോപദേശം.
എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബലാൽസംഗം ഉൾപ്പടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പോലീസ് നിവിൻ പോളിക്കും മറ്റു അഞ്ചുപേർക്കുമെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ദുബായിൽ വെച്ച് മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്‌ത ശേഷം നഗ്‌ന ദൃശ്യങ്ങൾ പകർത്തിയെന്നാണ് യുവതിയുടെ പരാതി. എന്നാൽ, ആരോപണം നിവിൻ പോളി നിഷേധിച്ചിരുന്നു. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എകെ സുനിലാണ് രണ്ടാം പ്രതി. ഒന്നാംപ്രതി ശ്രേയ, മൂന്നാംപ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ. കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വെച്ച് പീഡനം നടന്നെന്നാണ് ആരോപണം. ശ്രേയ എന്ന സ്‌ത്രീയാണ് അവസരം വാഗ്‌ദാനം ചെയ്‌ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്.
Most Read| 13 ദിവസം, 121 കേസുകൾ; പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്