മലപ്പുറം: മഞ്ചേരി പൂക്കൊളത്തൂർ സിഎച്ച്‌എം ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്എഫ്ഐ പ്രവർത്തകരും അധ്യാപകരും തമ്മിലുണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി സ്‌കൂൾ അധികൃതർ. എസ്എഫ്‌ഐക്കാർ ഏകപക്ഷീയമായി ആക്രമണം നടത്തിയെന്നും, അധ്യാപകരെ അക്രമിച്ചവരെ തള്ളിമാറ്റുകയാണ് ചെയ്‌തതെന്നും പ്രധാനാധ്യാപിക എ ജയശ്രിയും സഹഅധ്യാപകരും പറഞ്ഞു.
വ്യാഴാഴ്‌ചയാണ് പ്രധാനാധ്യാപികയുടെ മുറിയിൽ വാക്കേറ്റവും ഏറ്റുമുട്ടലും നടന്നത്. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സ്‌കൂളിൽ എസ്എഫ്ഐ സമരത്തിന് നോട്ടീസ് നൽകിയതിന്റെ തുടർച്ചയായാണ് സംഭവം. സ്‌കൂളിൽ രാഷ്‌ട്രീയം ഇല്ലെന്നും, ക്‌ളാസ് വിടാൻ സർക്കാർ ഉത്തരവ് ഇല്ലെന്നും പറഞ്ഞ് അധ്യാപകർ എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചയച്ചു. തുടർന്നാണ് ആക്രമണം അരങ്ങേറിയത്.
പരീക്ഷാ ജോലികൾ തടസപ്പെടുത്തിയെന്നും, ഫയലുകൾ വാരിവിതറിയതായും അധ്യാപകർ പറഞ്ഞു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് മർദ്ദനമേറ്റതെന്ന് പ്രധാനാധ്യാപിക ജയശ്രി പറഞ്ഞു. കോവിഡ് മാനദണ്ഡം ലംഘിച്ചെത്തിയ നേതാക്കൾ സ്‌കൂൾ ഓഫിസിലും പിന്നീട് ആശുപത്രിയിലും ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നും അധ്യാപകർ ആരോപിച്ചു. സംഭവത്തിൽ ആറ് അധ്യാപകർക്കും മൂന്ന് എസ്എഫ്ഐ നേതാക്കൾക്കുമാണ് പരിക്കേറ്റത്.
അതേസമയം, സംഘത്തിൽ ഉണ്ടായിരുന്ന സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിയെ പുറത്താക്കിയെന്നും, വിദ്യാർഥിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനാധ്യാപികയുടെ ഓഫിസിൽ എത്തിയതിനെ തുടർന്നാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായതെന്നുമാണ് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചിരുന്നത്. പത്ത് അധ്യാപകർ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐയുടെ വാദം.
Most Read: നടിയെ ആക്രമിച്ച കേസ്; വിഐപിയെ തിരിച്ചറിഞ്ഞതായി സൂചന