ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി എൻസിപി അധ്യക്ഷൻ ശരദ് പവാർ. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ വച്ചായിരുന്നു 20 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്‌ച. ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ശിവസേന നേതാവ് സഞ്‌ജയ് റാവത്തിന്റെ ഭാര്യയുടെയും കൂട്ടാളികളിൽ ഒരാളുടെയും 11.15 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടുകെട്ടിയതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്‌ച.
“രാജ്യസഭാ അംഗമായ സഞ്‌ജയ് റാവത്തുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് ഞാൻ പ്രധാനമന്ത്രിയുമായി സംസാരിച്ചു. റാവത്തിന്റെ സ്വത്തുക്കൾ തട്ടിയെടുക്കുന്ന രീതി അനീതിയാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു,”- യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ ശരദ് പവാർ പറഞ്ഞു. സഞ്‌ജയ് റാവത്ത് വെറുമൊരു രാജ്യസഭാ അംഗമല്ല, ഒരു പത്രപ്രവർത്തകൻ കൂടിയാണെന്ന് ഞാൻ പ്രധാനമന്ത്രിയോട് പറഞ്ഞു, ശരദ് പവാർ കൂട്ടിച്ചേർത്തു.
അതിനിടെ, മുൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെ സെൻട്രൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്ന് സിബിഐ കസ്‌റ്റഡിയിൽ എടുക്കുകയും മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബീർ സിംഗ് അദ്ദേഹത്തിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
Most Read: സ്‌റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ