കെ ഫോണിന്റെ മേൽനോട്ടവും ശിവശങ്കർ തന്നെ; രേഖകൾ വൈദ്യുത വകുപ്പ് കൈമാറി

By News Desk, Malabar News
Shivashankar Involvement in K Fon Project
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് എല്ലാവര്‍ക്കും കുറഞ്ഞ ചെലവിൽ ഇന്‍റര്‍നെറ്റ് സൗകര്യം ഒരുക്കാനുള്ള സർക്കാർ പദ്ധതിയായ കെ ഫോണിന്റെ രേഖകൾ ജിഎസ്‌ടി ഇന്റലിജൻസിന്റെ ആവശ്യപ്രകാരം വൈദ്യുതവകുപ്പ് കൈമാറി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും സ്വപ്‌നാ സുരേഷിനെയും ചോദ്യം ചെയ്‌തതിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി. വൈദ്യുതി വകുപ്പിൽ നിന്ന് രേഖകൾ ജിഎസ്‌ടി ഇന്റലിജൻസിന് കൈമാറിക്കഴിഞ്ഞു. സംസ്‌ഥാന ഐടി വകുപ്പിൽ നിന്നുള്ള രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതിബോർഡും കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡും (കെഎസ്ഐടിഐഎൽ) ചേർന്നുള്ള 1028 കോടിയുടെ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ ഫോൺ) പദ്ധതിയുടെ മുഴുവൻ നിയന്ത്രണവും ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനായിരുന്നു എന്നാണ് കണ്ടെത്തൽ. പദ്ധതിയിൽ വൈദ്യുത ബോർഡ് പങ്കാളിയാണെങ്കിലും ഐടി വകുപ്പാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. പദ്ധതി ഉപേക്ഷിക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മുന്നോട്ട് പോവുകയായിരുന്നു.

2012 മുതൽ കെഎസ്ഇബി ചെയർമാൻ ആയിരുന്ന ശിവശങ്കർ 2016ൽ ഐടി സെക്രട്ടറി ആയതിന് ശേഷമാണു കെ ഫോൺ സംരംഭത്തിന് പദ്ധതിയിട്ടത്. പദ്ധതിയുടെ പ്രോജക്‌ട് മാനേജ്മെന്റ് യൂണിറ്റായി ടെൻഡർ വിളിക്കാതെയാണ് പിഡബ്ള്യുസിയെ (PricewaterhouseCoopers) നിയോഗിച്ചത്. പിഡബ്ള്യുസിയെ പദ്ധതിയിലേക്ക് നിർദ്ദേശിച്ചത് ശിവശങ്കർ ചെയർമാനായ കെഎസ്ഐടിഐഎല്ലാണ്. പിഡബ്ള്യുസിയുടെ പ്രോജക്‌ട് മാനേജ്മെന്റ് യൂണിറ്റിലേക്ക് ആളുകളെ നിയോഗിക്കാനുള്ള അഞ്ചംഗ ഉന്നതതല കമ്മിറ്റിയുടെ ചെയർമാനും ശിവശങ്കറായിരുന്നു.

സ്‌പേസ് പാർക്കിലേക്ക് സ്വപ്‌നയെ വൻ ശമ്പളത്തിൽ നിയോഗിച്ചതും പിഡബ്ള്യുസിയാണ്. സ്‌പേസ് പാർക്കിൽ നിന്ന് കെ ഫോണിന്റെ തലപ്പത്തേക്ക് സ്വപ്‌നയെ എത്തിക്കാൻ നീക്കം നടന്നിരുന്നു. കെ ഫോൺ ഇഡിയുടെ സംശയ പരിധിയിലേക്ക് വരാനുള്ള കാരണവും ഇതുതന്നെയാണ്. കെ ഫോണിനായി കേബിൾ വാങ്ങിയതിലും ക്രമക്കേടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേന്ദ്ര നിർദ്ദേശം ലംഘിച്ചാണ് കേബിളുകൾ എത്തിച്ചതെന്ന് ജിഎസ്‌ടി വകുപ്പിന് സംശയമുണ്ട്. ധൃതി പിടിച്ച് കെ ഫോൺ പദ്ധതി നടപ്പാക്കുന്നതിലും അന്വേഷണ ഏജൻസി സംശയമുന്നയിച്ചിട്ടുണ്ട്.

Also Read: ബിനീഷിന് നിർണായക ദിനം; ഇഡി കസ്‌റ്റഡി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ കോടതിയിൽ

എന്താണ് കെ ഫോൺ?

സംസ്‌ഥാനത്ത് എല്ലാവര്‍ക്കും കുറഞ്ഞ ചെലവിൽ ഇന്‍റര്‍നെറ്റ് സൗകര്യം ഒരുക്കാനുള്ള സർക്കാരിന്റെ പദ്ധതിയാണ് കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്) . പിന്നോക്ക മേഖലയിലുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് കണക്ഷൻ ലഭ്യമാക്കാനാണ് സർക്കാർ കെ ഫോൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2020 ഡിസംബറോടെ പദ്ധതി പൂർത്തിയാകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.

‘ഇന്‍റര്‍നെറ്റ് എല്ലാവര്‍ക്കും അവകാശം’ എന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ് കെ ഫോൺ പദ്ധതിയുടെ തുടക്കം. സ്വകാര്യമേഖലക്ക് കുത്തകയുള്ള ഇന്‍റര്‍നെറ്റ് സേവന മേഖലയിൽ ചെലവുകുറഞ്ഞതും നിലവാരമുള്ളതുമായ ഇന്‍റര്‍നെറ്റ് സേവനം പൊതുജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിഎസ്എൻഎൽ അനുദിനം ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് മേഖലയിലെ കുത്തകവൽകരണത്തെ ചെറുത്ത് സുശക്‌തമായ പൊതുമേഖലാ സ്‌ഥാപനം രൂപീകരിക്കാനാണ് സംസ്‌ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.

National News: ജാര്‍ഖണ്ഡ് സര്‍ക്കാരിനെ വെല്ലുവിളിച്ചു; ബിജെപി നേതാവിനെതിരെ കേസ്

കെഎസ്ഇബിയും കേരള സംസ്‌ഥാന ഐടി ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡും ചേര്‍ന്നാണ് കെ ഫോൺ പദ്ധതി നടപ്പിലാക്കുന്നത്. 20 ലക്ഷം പിന്നോക്ക കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ ചെലവിലും ഉയര്‍ന്ന വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. കെഎസ്ഇബിയടെ വിതരണശൃംഖലയുടെ ഭാഗമായ പോസ്‌റ്റുകളിലൂടെ കേരളത്തിലുടനീളം ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ സ്‌ഥാപിച്ച്‌ ഇതുവഴിയായിരിക്കും ഇന്‍റര്‍നെറ്റ് കണക്ഷൻ വീടുകളിലേക്ക് നല്‍കുക. ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവയ്‌ഡർ ലൈസന്‍സ് ഉള്ളവര്‍ക്ക് കുറഞ്ഞ ചെലവിൽ ഹൈസ്‌പീഡ്‌ ഇന്‍റര്‍നെറ്റ് സേവനം വീടുകളിലേക്ക് ലഭ്യമാക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE