ബിനീഷിന് നിർണായക ദിനം; ഇഡി കസ്‌റ്റഡി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ കോടതിയിൽ

By News Desk, Malabar News
Bineesh's ED Custody Ends Today
Bineesh Kodiyeri
Ajwa Travels

ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് ലഭിച്ച കസ്‌റ്റഡി കാലാവധി ഇന്ന് വൈകുന്നേരം 5ന് അവസാനിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ബിനീഷിനെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ നാല് ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടത്.

ലഹരിമരുന്ന് കേസിൽ അറസ്‌റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡി ചോദ്യം ചെയ്‌തത്‌. എന്നാൽ, ബിനീഷ് ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്‌ഥർ പറയുന്നു. അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന് ആവർത്തിച്ച ബിനീഷ് ഹോട്ടൽ തുടങ്ങാൻ സാമ്പത്തിക സഹായം നൽകിയിരുന്നെന്നും മൊഴി നൽകി. എന്നാൽ, അനൂപിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിവില്ലെന്നും ബിനീഷ് ഇഡിയോട് പറഞ്ഞു.

ഞായറാഴ്‌ച 10.30 ന് ആരംഭിച്ച ചോദ്യംചെയ്യൽ ബിനീഷിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈകുന്നേരം നാല് മണിയോടെ നിർത്തി വെച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും ചോദ്യം ചെയ്‌തതിന്‌ ശേഷം ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും. ഒപ്പം ബിനീഷിന്റെ ജാമ്യാപേക്ഷയും അഭിഭാഷകൻ കോടതിയിൽ സമർപ്പിക്കും.

ബിനീഷിനെ സംബന്ധിച്ച് ഇന്ന് വളരെ നിർണായകമായ ദിവസമാണ്. സെഷൻസ് കോടതിയിൽ കസ്‌റ്റഡി നീട്ടിക്കിട്ടാൻ ഇഡി ആവശ്യപ്പെട്ടില്ലെങ്കിൽ ബിനീഷിനെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാക്കും. അതേസമയം, മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പക്കലുണ്ട്. എൻസിബി സോണൽ ഡയറക്‌ടർ അമിത് ഗവാഡെയാണ് വിവരങ്ങൾ ശേഖരിച്ചത്. ബിനീഷിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് വിവരങ്ങൾ ശേഖരിച്ചതെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യാൻ ബിനീഷിനെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന് എൻസിബി കോടതിയിൽ ആവശ്യപ്പെട്ടേക്കും. ലഹരി ഇടപാടുകൾ നടന്ന ഹോട്ടൽ ബിനീഷിന്റെ സാമ്പത്തിക സഹായത്തോടെയാണ് നടത്തിയതെന്ന മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് എൻസിബി വിവരങ്ങൾ ശേഖരിച്ചത്.

Also Read: സ്‍ത്രീവിരുദ്ധ പരാമർശം; മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷൻ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE