തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുറത്തുവരുന്ന വെളിപ്പെടുത്തലുകളിൽ സിപിഎമ്മിനെ പഴിചാരി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഉപതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റത്തിലേക്ക് ബിജെപി നീങ്ങുന്നതിനിടെയാണ് പാർട്ടിയെ തകർക്കാൻ ഒരു ഉപകരണവുമായി സിപിഎം രംഗപ്രവേശനം ചെയ്‌തിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പദ്ധതിക്ക് പിന്നിൽ എകെജി സെന്ററും പിണറായി വിജയനുമാണെന്നും ഒരുവെടിക്ക് രണ്ട് പക്ഷികളെ തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. “എംകെ കണ്ണനാണ് ഇവിടെ തിരൂർ സതീശന് വായ്‌പ നൽകിയത്. കപ്പലണ്ടി കച്ചവടത്തിൽ തുടങ്ങിയ കണ്ണൻ, സഹകരണ ബാങ്ക് തലപ്പത്ത് വരെ എത്തി. ഒന്നരവർഷം മുൻപാണ് സതീശനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഒരുവർഷം മുൻപ് കണ്ണന്റെ നേതൃത്വത്തിലുള്ള സൊസൈറ്റി, സതീശന് വായ്‌പ നൽകുകയും ചെയ്‌തു”- ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
”ബിജെപിക്കകത്ത് ഭിന്നത ഉണ്ടെന്ന് വരുത്തി തീർക്കാനാണ് നീക്കം. ഇതിന്റെ നാവാണ് സതീശൻ. തിരക്കഥ എകെജി സെന്ററിൽ നിന്നും. നൂലിൽ കെട്ടി ഇറക്കിയ ആളല്ല ഞാൻ. രാഷ്‌ട്രീയത്തിൽ എനിക്ക് ഒരു ഗോഡ്‌ഫാദറും ഇല്ല. സംസ്‌ഥാന പ്രസിഡണ്ടാകാൻ എനിക്ക് ഒരു അയോഗ്യതയും ഇല്ല. എന്നെ കേരള രാഷ്‌ട്രീയത്തിൽ നിന്ന് ഇല്ലായ്‌മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. എനിക്കെതിരെ കേസ് എടുക്കുന്നു. നൂറുകണക്കിന് കേസിൽ പ്രതിയായ എനിക്ക്, കേസൊന്നും പുത്തരിയല്ല. എന്റെ പേരിൽ പാർട്ടിയെ തകർക്കാൻ സതീശനെന്നല്ല, മുത്തുപ്പട്ടർക്ക് പോലും സാധിക്കില്ല”- ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ