ഡെൽഹി: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അകാരണമായി നീട്ടിവച്ച് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജിയില്‍ അടുത്ത ആഴ്‌ച അന്തിമ വാദം കേള്‍ക്കാമെന്നായിരുന്നു ഇന്നലെ സുപ്രീംകോടതി പറഞ്ഞത്. എന്നാൽ വൈകിട്ട് ഇറങ്ങിയ ഉത്തരവനുസരിച്ച് അടുത്തവാദം ആറാഴ്‌ചയിലേക്ക് നീട്ടിവച്ചതായി സ്‌ഥിരീകരിച്ചു.
ഇന്നലെ വാദംകേട്ടത് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചായിരുന്നു. ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യൻ എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. ഇവരാണ് കേസ് അടുത്ത ആഴ്‌ചയിൽ പരിഗണിക്കും എന്നറിയിച്ചിരുന്നത്. സിദ്ദീഖ് കാപ്പന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപില്‍ സിബലിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടായിരുന്നു എത്രയും പെട്ടെന്ന് വാദം കേള്‍ക്കാമെന്ന തീരുമാനത്തിൽ കോടതി എത്തിയിരുന്നത്.
എന്നാൽ, വൈകിട്ട് സുപ്രീം കോടതിയുടെ അസിറ്റന്റ് രജിസ്ട്രാർ പുറത്തിറക്കിയ ഉത്തരവിലിത് ആറാഴ്‌ചയിലേക്ക് നീട്ടിവച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കക്ഷികളുടെ സമ്മതപ്രകാരം, ആറാഴ്‌ചക്കപ്പുറത്തേക്ക് കേസ് നീട്ടിവച്ച് ഉത്തരവായിരിക്കുന്നു എന്നാണ് ഓർഡറിൽ പറഞ്ഞിരിക്കുന്നത്.
സുപ്രീം കോടതി ഒരാഴ്‌ച പറഞ്ഞത് വൈകിട്ട് ഇറങ്ങിയ ഉത്തരവിൽ 6 ആഴ്‌ച എന്നായത് എന്തുകൊണ്ട് എന്നതിൽ യാതൊരു വ്യക്‌തതയും ഇതുവരെ ലഭ്യമായിട്ടില്ല. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്‌ത്രീയ പരിശോധനക്കും വിധേയനാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കാപ്പന്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. കപില്‍ സിബലിനൊപ്പം സിദ്ദീഖിന് വേണ്ടി ഇന്നലെ വീഡിയോ കോൺഫറൻസ് വഴി ഹാജരായത് മുതിർന്ന അഭിഭാഷകൻ അഡ്വ. വിൽസ് മാത്യു, അഡ്വ. ശ്രീപാൽ സിംഗ് എന്നിവരായിരുന്നു.

അസുഖബാധിതയായ ഉമ്മയെ കാണാന്‍ അനുവദിക്കണമെന്ന കാപ്പന്റെ അപേക്ഷയില്‍ ഉമ്മയോട് വീഡിയോ കോള്‍ വഴി സംസാരിക്കാമെന്ന് കോടതി പറഞ്ഞിരുന്നു. ഹത്രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴിയിലാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് 2020 ഒക്‌ടോബർ 5ന് അറസ്‌റ്റ് ചെയ്‌തിരുന്നത്.
ഹത്രസ് സംഭവത്തിന്റെ മറവില്‍ ജാതി കലാപം സൃഷ്‌ടിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെ യുപി പൊലീസിന്റെ ആരോപണം. സിദ്ദിഖ് കാപ്പന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ അല്ലെന്നും പോപുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറി ആണെന്നും പൊലീസ് ആരോപിക്കുന്നു. എന്നാല്‍ ഈ വാദങ്ങളെ പൂർണമായും തളളിയാണ് പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
Most Read: 4 കർഷക നേതാക്കളെ കൊല്ലുക ലക്ഷ്യം; സിംഗുവിൽ അക്രമിയെ പിടികൂടി കർഷകർ