തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ ഉയർത്തിയ വിമർശനങ്ങൾ സ്വാഗതം ചെയ്‌ത് മുൻ മന്ത്രി കെസി ജോസഫ്. ചില കാര്യങ്ങൾ തിരുത്തണം എന്ന സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ അഭിപ്രായം സ്വാഗതാർഹമാണെന്ന് കെസി ജോസഫ് പറഞ്ഞു.
ബലം പ്രയോഗിച്ച് പദ്ധതി അടിച്ചേൽപ്പിക്കരുതെന്ന് സിപിഐ പറയുമ്പോൾ കണ്ണുമടച്ച് പദ്ധതിയെ പിന്തുണക്കുവാൻ കേരള കോൺഗ്രസ് (എം) തയ്യാറായത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കിടപ്പാടം നഷ്‌ടപ്പെടുന്ന ജനങ്ങളുടെ വികാരം അവഗണിക്കരുതെന്ന് പറഞ്ഞ കെസി ജോസഫ് സിപിഐയോടൊപ്പം നിന്ന് കെ റെയിൽ പദ്ധതി വേണ്ടെന്ന് പറയാൻ കേരളാ കോൺഗ്രസ് എം തയ്യാറാവണമെന്നും വ്യക്‌തമാക്കി.
സിൽവർ ലൈനിനെ എതിർക്കുന്ന എല്ലാവരും ശത്രുക്കൾ അല്ലെന്നായിരുന്നു സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ഇന്ന് രാവിലെ പറഞ്ഞത്. സമാധാന അന്തരീക്ഷത്തിൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്നും സർക്കാരിന്റെ സമീപനം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നുംപറഞ്ഞ അദ്ദേഹം പദ്ധതി നടപ്പാക്കേണ്ടത് അതിനുശേഷം മാത്രമാകണമെന്നും ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ആശങ്ക അകറ്റി സ്വപ്‌ന പദ്ധതി എന്ന നിലയിൽ കെ റെയിൽ നടപ്പാക്കണം. പോലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥർ തിരുത്തണം. സിവിൽ ഉദ്യോഗസ്‌ഥർ അടക്കം ശ്രദ്ധിക്കണം; പ്രകാശ് ബാബു പറഞ്ഞു. അതേസമയം തീവ്രവാദ സ്വഭാവം ഉള്ളവർ സമരത്തിൽ ഉണ്ടെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Most Read: ബസ് ചാർജ് വർധന; തീരുമാനം എൽഡിഎഫ് യോഗത്തിന് ശേഷമെന്ന് ഗതാഗതമന്ത്രി