കാർഷിക നിയമത്തിനെതിരെ പ്രമേയം; നിയമ നിർമാണം നടത്തണമെന്ന് കോൺഗ്രസ്

By News Desk, Malabar News
malabarnews-KERALA-ASSEMBLY
Representational Image
Ajwa Travels

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമ പരിഷ്‌കരണത്തിനെതിരായ പ്രമേയം പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. കാർഷിക നിയമ ഭേദഗതി റദ്ദാക്കണമെന്ന് പ്രമേയത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമസഭാ പ്രമേയത്തിന് കോൺഗ്രസ് പൂർണ പിന്തുണ നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭാവത്തിൽ കോൺഗ്രസിൽ നിന്ന് കെസി ജോസഫാണ് പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചത്. മൂന്ന് നിയമ ഭേദഗതികൾ പ്രമേയത്തിൽ കൊണ്ടുവരണമെന്നും കെസി ജോസഫ് നിർദ്ദേശിച്ചു.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുള്ളത്. കർഷക പ്രക്ഷോഭം ഇനിയും മുന്നോട്ട് പോയാൽ കേരളത്തെ അത് സാരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യ വസ്‌തുക്കളുടെ വരവ് നിലച്ചാൽ സംസ്‌ഥാനം പട്ടിണിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിയമ ഭേദഗതി കോർപറേറ്റുകൾക്ക് വേണ്ടിയാണെന്നും പുതിയ നിയമം കർഷകരിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്‌തമാക്കി.

പ്രമേയത്തിന്റെ അടിസ്‌ഥാന ആശയത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ കെസി ജോസഫ് ഇതിൽ ഭേദഗതി വേണമെന്നും ആവശ്യപ്പെട്ടു. സാധാരണ കൃഷിക്കാരുടെ ആശ്രയമായ ‘മണ്ടി’ സംവിധാനത്തെ (എപിഎംസി നിയമപ്രകാരം സംസ്‌ഥാനങ്ങൾക്ക് കാർഷിക വിപണികൾ സ്‌ഥാപിക്കാൻ കഴിയും.ഈ വിപണികളാണ് മണ്ടി എന്ന് അറിയപ്പെടുന്നത്. കാർഷികോൽപന്നങ്ങളുടെ വിൽപന ലേലത്തിലൂടെ മാത്രമേ ഇവിടങ്ങളിൽ നടക്കുകയുള്ളൂ) പുതിയ നിയമം തകർക്കും എന്ന് കൂടി പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന് കെസി ജോസഫ് നിർദ്ദേശിച്ചു.

പ്രധാനമന്ത്രി ചർച്ചക്ക് പോലും തയാറാകാത്ത സാഹചര്യത്തിൽ പ്രമേയത്തിലൂടെ പ്രതിഷേധം അറിയിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നിഷേധിച്ച ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഡിസംബർ 23ന് ചേരേണ്ട സമ്മേളനം ഗവർണർ നിഷേധിച്ചത് ശരിയായില്ലെന്നും ഇതിനെതിരെ മുഖ്യമന്ത്രി ശക്‌തമായി പ്രതികരിക്കേണ്ടിയിരുന്നു എന്നും ജോസഫ് പറഞ്ഞു. സർക്കാരിൽ നിന്ന് തണുത്ത സമീപനമാണ് ഉണ്ടായതെന്നും ജോസഫ് കൂട്ടിച്ചേർത്തു.

Also Read: സ്‌കൂളുകളും കോളേജുകളും നാളെ മുതൽ; കർശന ജാഗ്രത

ഗവർണറുടെ കാല് പിടിക്കാൻ മന്ത്രിമാർ ക്രിസ്‌മസ്‌ കേക്കുമായി പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വെറുതെ പ്രമേയം പാസാക്കി പിരിയേണ്ട വിഷയമല്ല ഇത്. നൂറ് ദിവസം മുമ്പാണ് കേന്ദ്രം നിയമം പാസാക്കിയത്. ഈ നിയമ ഭേദഗതി കേരളത്തിൽ പാസാക്കുന്നതിനെതിരെ നിയമ നിർമാണം നടത്തുകയാണ് സംസ്‌ഥാന സർക്കാർ ചെയ്യേണ്ടതെന്നും ജോസഫ് പറഞ്ഞു.

പ്രമേയം പാസാക്കുന്നതിനെതിരെ ബിജെപിയുടെ ഏക എംഎൽഎയായ ഒ രാജഗോപാൽ നിലപാട് സ്വീകരിക്കും. എങ്കിലും നിയമസഭയിലെ ബാക്കിയുള്ള മുഴുവൻ എംഎൽഎമാരുടെയും പിന്തുണയോടെ പ്രമേയം പാസാകും. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനാലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത്. വിഎസ് അച്യുതാനന്ദൻ, ഉപ പ്രതിപക്ഷ നേതാവ് എംകെ മുനീർ എന്നിവരും സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

National News: സിബിഎസ്ഇ പത്ത്, പ്‌ളസ് 2 പരീക്ഷ; തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE