തിരുവനന്തപുരം : സംസ്‌ഥാനത്തെ 10, പ്‌ളസ് 2 ക്‌ളാസുകളുടെ പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. സംസ്‌ഥാനത്ത് ഇപ്പോഴും കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാര്‍ച്ച് മുതല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രന്‍, ആരോഗ്യമന്ത്രി കെകെ ശൈലജ എന്നിവരുള്‍പ്പടെ ഉള്ളവര്‍ പങ്കെടുത്തു.
പരീക്ഷയുടെ തീയതികള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ആയതിനാല്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ക്രമീകരണങ്ങളും ഉടന്‍ തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കി. പൊതുപരീക്ഷയുടെ ഭാഗമായി നടത്തുന്ന പ്രാക്‌ടിക്കൽ പരീക്ഷയുള്ള വിദ്യാര്‍ഥികള്‍ക്ക് അതുമായി ബന്ധപ്പെട്ട ക്ളാസുകള്‍ ജനുവരി മുതല്‍ ആരംഭിക്കുമെന്നും ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചു. ഒപ്പം തന്നെ മാതൃക പരീക്ഷകളും, കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ളാസുകളും സ്‌കൂള്‍ തലത്തില്‍ നടത്താനും തീരുമാനമായിട്ടുണ്ട്.
Read also : കസറ്റഡിയിൽ എടുക്കുന്നത് തടയണം; സിഎം രവീന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി
10, പ്‌ളസ് 2 വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ തലത്തില്‍ നടത്തുന്ന ക്‌ളാസുകളില്‍ മാതാപിതാക്കളുടെ സമ്മതത്തോടെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഇതിനായി അധ്യാപകരുടെ സേവനം തേടുമെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്‌തമാക്കി. നിലവില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ക്‌ളാസുകള്‍ നടക്കുകയാണ്. കോവിഡ് വ്യാപനം സംസ്‌ഥാനത്ത് തുടരുന്ന സാഹചര്യത്തില്‍ ഇത് തുടരുമെന്നും വിദ്യാഭ്യാസവകുപ്പ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തന്നെ കോളേജുകളില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും ജനുവരി മുതല്‍ ക്‌ളാസുകള്‍ ആരംഭിക്കാമെന്ന് ഇന്ന് യോഗത്തില്‍ തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് പകുതി കുട്ടികള്‍ക്ക് വീതമാണ് ക്‌ളാസുകളില്‍ പ്രവേശനം നല്‍കുക. കൂടാതെ ഓരോ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി ക്‌ളാസുകള്‍ നടത്താനുള്ള നീക്കങ്ങളും ആലോചിക്കുന്നുണ്ട്. കൂടാതെ ഇതേ രീതിയില്‍ തന്നെ കാര്‍ഷിക സര്‍വകലാശാലകളിലും ഫിഷറീസ് സര്‍വകലാശാലയിലും ക്ളാസുകള്‍ ജനുവരി മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം തന്നെ മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വർഷം മുതലുള്ള വിദ്യാര്‍ഥികള്‍ക്കും ജനുവരി മുതല്‍ ക്ളാസുകള്‍ ആരംഭിക്കാന്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുത്തു.
Read also : മുതിര്‍ന്ന പൗരൻമാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ