പാലക്കാട്: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി ഫിറോസ് ആണ് സുഹൃത്ത് ആഷിക്കിനെ കൊന്ന് കുഴിച്ചു മൂടിയത്. മോഷണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെയാണ് ഫിറോസ് കൊലപാതക കാര്യം പട്ടാമ്പി പോലീസിനോട് വെളിപ്പെടുത്തിയത്.
2015ൽ നടന്ന മോഷണക്കേസിലാണ് മുഹമ്മദ് ഫിറോസിനെ പോലീസ് പിടികൂടിയത്. തുടർന്ന് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാൾ കൊല നടത്തിയ വിവരം കൂടി വെളിപ്പെടുത്തിയത്. സുഹൃത്തായ ആഷിക്കിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയെന്നാണ് പ്രതി നൽകിയ മൊഴി. വെളിപ്പെടുത്തലിൽ അമ്പരന്ന പോലീസ് പിന്നാലെ സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ചിനക്കത്തൂർ അഴിക്കലപ്പറമ്പിലാണ് സംഭവം നടന്നതെന്നാണ് ഫിറോസ് പോലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പ്രതിയുമായി പാലക്കാട് പോലീസ് സംഘം സംഭവ സ്‌ഥലത്ത് പോയി പരിശോധന നടത്തി. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ചിനക്കത്തൂരിൽ നിന്ന് മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Most Read: ടിടിഇയെ അതിഥി തൊഴിലാളികൾ മര്‍ദ്ദിച്ച സംഭവം; രണ്ടുപേര്‍ അറസ്‌റ്റില്‍