തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെയാണ് (20) അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്‌റ്റ്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പൂന്തുറ പോലീസ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്.
ഇന്ന് രാവിലെയാണ് ഹാഷിമിനെ ഇന്ന് അറസ്‌റ്റ് ചെയ്‌തത്. പീഡനം നടന്നത് മതപഠന കേന്ദ്രത്തിന് പുറത്തെന്ന നിഗമനത്തിലാണ് പോലീസ്. പോസ്‌റ്റുമോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി. പെൺകുട്ടിയുമായി യുവാവ് അടുപ്പത്തിൽ ആയിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ, ആത്‍മഹത്യയുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല.
ബാലരാമപുരം പോലീസെടുത്ത പോക്‌സോ കേസ് പൂന്തുറ പോലീസിന് കൈമാറിയിരുന്നു. ഈ മാസം 13ന് ആണ് ബീമാപള്ളി സ്വദേശിനിയായ പ്ളസ് ടു വിദ്യാർഥിയെ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്‍മഹത്യയുടെ കാരണം മാനസിക പീഡനം ആണോയെന്ന അന്വേഷണം നടക്കുന്നതിനിടെയാണ് കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടാവുന്നത്.
പോലീസിന് ലഭിച്ച വിശദ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്‍. പീഡനം നടന്നത് ഏതാനും മാസങ്ങൾക്ക് മുമ്പാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇങ്ങനെയാണ് ഹാഷിമിലേക്ക് കേസ് അന്വേഷണം നീളുന്നത്. നിലവിൽ പോക്‌സോ കേസ് സംബന്ധിച്ച അന്വേഷണം പൂന്തുറ പോലീസും പെൺകുട്ടിയുടെ ആത്‍മഹത്യയിലേക്ക് നയിച്ച കാരണം തേടിയുള്ള അന്വേഷണം ബാലരാമപുരം പോലീസുമാണ് നടത്തുന്നത്.
Most Read: ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഐഒസി