തിരുവനന്തപുരം: സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കവേ ലാവ്‌ലിൻ കേസ് വീണ്ടും സുപ്രീം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയത് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.
27ആമത്തെ തവണയാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. സിബിഐയുടെ പ്രത്യേക ആവശ്യ പ്രകാരം ഇരുപത്തി ആറ് തവണ വാദം കോടതി മാറ്റിവെച്ചിരുന്നു. രേഖകൾ സമർപ്പിക്കാനുള്ളതിൽ ഹരജി പരിഗണിക്കുന്നത് നീട്ടി വെക്കണം എന്നായിരുന്നു സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതുവരെ രേഖകളൊന്നും തന്നെ സിബിഐ ഹാജരാക്കിയിട്ടില്ല.
ഈ സാഹചര്യത്തിൽ വാദം പറയാൻ സിബിഐ തയാറാകുമോ, തങ്ങളുടെ പക്കലുണ്ടെന്ന് പറയുന്ന തെളിവുകളും രേഖകളും സമർപ്പിക്കുമോ എന്നീ കാര്യങ്ങളാണ് ഉറ്റുനോക്കപ്പെടുന്നത്. ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നാലാമത്തെ കേസായാണ് ഇന്ന് ഹരജി പരിഗണിക്കുക. കേസിൽ സുപ്രീം കോടതിയുടെ ഇടപെടൽ വേണമെങ്കിൽ ശക്‌തമായ കാരണങ്ങൾ വേണമെന്ന് ജസ്‌റ്റിസ് യുയു ലളിത് നേരത്തെ വ്യക്‌തമാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഹരജി പരിഗണിക്കുന്നത് മാറ്റിവെക്കണം എന്ന് ആവശ്യപ്പെട്ട് എതിർ കക്ഷികളിൽ ഒരാളായ എ ഫ്രാൻസിസ് കഴിഞ്ഞ ദിവസം സുപ്രീം കോടതിക്ക് പ്രത്യേക അപേക്ഷ നൽകിയിരുന്നു. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഇബി മുൻ ഉദ്യോഗസ്‌ഥരായ ആർ ശിവദാസ്, കസ്‌തൂരിരംഗ അയ്യർ, കെജി രാജശേഖരൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
Also Read: റഫാല്‍ യുദ്ധ വിമാനക്കരാർ; രാഹുല്‍ ഗാന്ധിയുടെ ആരോപണം തെളിഞ്ഞെന്ന് കോൺഗ്രസ്