ഡെൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനം. 18,000 കോടി രൂപക്കാണ് കൈമാറ്റം. അടുത്ത സാമ്പത്തിക വർഷം കൈമാറ്റം പൂർത്തിയാകും.
67 വര്‍ഷത്തിന് ശേഷമാണ് ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടുമെത്തുന്നത്. 1932ല്‍ ടാറ്റാ സണ്‍സ് ആരംഭിച്ച ടാറ്റാ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. പിന്നീട് 1953ല്‍ ടാറ്റയില്‍ നിന്ന് കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങിനെ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ ടാറ്റാ സണ്‍സിനെ തിരഞ്ഞെടുത്തത്. ടാറ്റാ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങുമാണ് എയര്‍ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്.
അതേസമയം അമിത് ഷാ അധ്യക്ഷനായ കേന്ദ്രമന്ത്രിസഭാ സമിതിയാണ് എയർ ഇന്ത്യാ സ്വകാര്യ വൽക്കരണത്തിന് അംഗീകാരം നൽകിയത്. ജീവനക്കാരെയും മറ്റുള്ളവരെയും വിശ്വാസത്തിൽ എടുത്താകും നടപടി പൂർത്തിയാക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
എയര്‍ ഇന്ത്യ, എയര്‍ എക്‌സ്‌പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റാ ഏറ്റെടുക്കുന്നത്.
Most Read: സമാധാന നൊബേല്‍ രണ്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് ആദരം