സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് രണ്ട് മാദ്ധ്യമ പ്രവർത്തകർ അർഹരായി. ഫിലീപ്പീൻസ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരൻ ദിമിത്രി മുറടോവുമാണ് (59) പുരസ്‌കാരം നേടിയത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നടത്തിയ ഉദ്യമങ്ങൾക്കാണ് പുരസ്‌കാരം.
ഫിലിപ്പീൻസിലെ ഓൺലൈൻ മാദ്ധ്യമമായ റാപ്ളറിന്റെ സിഇഒയാണ് റെസ്സ. നേരത്തെ സിഎൻഎന്നിനുവേണ്ടി നിരവധി അന്വേഷണാത്‌മക റിപ്പോർട്ടുകൾ ഇവർ തയ്യാറാക്കിയിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതിന്റെ പേരിൽ ഫിലിപ്പീൻസിൽ ആറു വർഷം ജയിൽ ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്നു റെസ്സ. ഒരു ജഡ്‌ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പുറത്തു കൊണ്ടുവന്നതിന്റെ പേരിലായിരുന്നു റെസ്സ ശിക്ഷ ഏറ്റുവാങ്ങിയത്.
തീവ്രവാദത്തിന്റെ ഭീഷണിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിച്ച റെസ്സ സീഡ്‌സ് ഓഫ് ടെറർ: ആൻ ഐവിറ്റ്നസ് അക്കൗണ്ട് ഓഫ് അൽഖ്വയ്‌ദാസ് ന്യൂവസ്‌റ്റ് സെന്റർ, ഫ്രം ബിൻ ലാദൻ ടു ഫേസ്ബുക്ക്: 10 ഡെയ്സ് ഓഫ് അബ്‌ഡക്ഷൻ, 10 ഇയേഴ്സ് ഓഫ് ടെററിസം എന്നീ പുസ്‌തകങ്ങളും എഴുതിയിട്ടുണ്ട്.
അതേസമയം റഷ്യൻ ദിനപത്രമായ നൊവായ ഗസെറ്റയുടെ എഡിറ്ററർ ഇൻ ചീഫാണ് ദിമിത്രി മുറടോവ്. സർക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരായ റിപ്പോർട്ടുകൾക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ.
Most Read: യാമി സോന; മലയാള സിനിമയ്‌ക്ക് ഒരു പുത്തൻ നായിക കൂടി