വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം രണ്ടു പേർക്ക്; നേട്ടം കൊവിഡ് വാക്‌സിൻ വികസനത്തിന്

2023ലെ വൈദ്യശാസ്‌ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ(ഹംഗറി), ഡ്രൂ വെയ്‌സ്‌മാൻ (യുഎസ്) എന്നിവർ അർഹരായി. കൊവിഡ് 19ക്ക് നേരെ പടപൊരുതാനുള്ള സുപ്രധാന വാക്‌സിൻ കണ്ടെത്തിയതിനാണ് പുരസ്‌കാരം.

By Trainee Reporter, Malabar News
Katalin Karikó-Drew Weissman
Katalin Karikó-Drew Weissman
Ajwa Travels

സ്‌റ്റോക്ക്ഹോം: ലോകത്തെ ഒന്നടങ്കം വേട്ടയാടിയ കൊവിഡ് 19, എംആർഎൻഎ വാക്‌സിൻ വികസനത്തിലടക്കം നിർണായകമായ ഗവേഷണത്തിനുള്ള ആദരം കൂടിയായിരുന്നു ഈ വർഷത്തെ വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാരം. കൊവിഡ് മഹാമാരിയോട് പൊരുതാൻ ലോകത്തിന് ആയുധം നൽകിയ ഗവേഷണത്തിനാണ് ഇക്കുറി നൊബേൽ തിളക്കമെന്ന് ചുരുക്കി പറയാം. 2023ലെ വൈദ്യശാസ്‌ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ(ഹംഗറി), ഡ്രൂ വെയ്‌സ്‌മാൻ (യുഎസ്) എന്നിവർ അർഹരായി.

കൊവിഡ് 19ക്ക് നേരെ പടപൊരുതാനുള്ള സുപ്രധാന വാക്‌സിൻ കണ്ടെത്തിയതിനാണ് പുരസ്‌കാരം. വാക്‌സിനുകളിൽ സഹായകരമായ എംആർഎൻഎയുമായി ബന്ധപ്പെട്ട പഠനമാണ് ഇവരെ പുരസ്‌കാരത്തിന് അർഹരാക്കിയത്. കൊവിഡ് വാക്‌സിൻ ഗവേഷണത്തിൽ ഉൾപ്പടെ ഏറെ ഗുണകരമായ കണ്ടെത്തലായിരുന്നു ഇത്. കാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്‌സ്‌മാൻ എന്നിവരുടെ വർഷങ്ങൾ നീണ്ട ഗവേഷണങ്ങളുടെ ഫലമാണ് കൊവിഡ് കാലത്ത് അതിവേഗ എംആർഎൻഎ വാക്‌സിൻ വികസനം സാധ്യമായത്.

ഹെപ്പറ്റൈറ്റിസ്, മങ്കിപോക്‌സ് തുടങ്ങിയവയ്‌ക്ക് എതിരേയുള്ള വാക്‌സിൻ ഒരുക്കുന്നതിലും ഇരുവരുടെയും പഠനം ഏറെ സഹായകരമായി. നൊബേൽ വൈദ്യശാസ്‌ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമർ ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഹംഗറിയിലെ സഗാൻ സർവകലാശാലയിലെ പ്രൊഫസറാണ് കാറ്റലിൻ കരീക്കോ. പെൻസിൻവാനിയ സർവകലാശാലയിലെ പ്രൊഫസറാണ് ഡ്രൂ വെയ്‌സ്‌മാൻ. ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ പത്തിന് പുരസ്‌കാരം സമ്മാനിക്കും.

സർട്ടിഫിക്കറ്റും സ്വർണമെഡലും 1.1 കോടി സ്വീഡിഷ് ക്രോണയും (ഇന്ത്യൻ രൂപ ഏകദേശം 8.3 കോടി) അടങ്ങുന്നതാണ് പുരസ്‌കാരം. എംആർഎൻഎയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെ പറ്റിയായിരുന്നു ഇരുവരുടെയും പഠനം. കൊവിഡ് വാക്‌സിൻ നിർമാണ സമയത്ത് ഈ പഠനം ഏറെ സഹായകരമായിരുന്നു. കോടിക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കുന്നതിലേക്കും ഇത് നയിച്ചു.

എംആർഎൻഎ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് ഇരുവരെയും പുരസ്‌കാരത്തിലേക്ക് നയിച്ചതെന്ന് സമിതി വ്യക്‌തമാക്കി. 2015ൽ പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പറിൽ ഇവർ തങ്ങളുടെ കണ്ടെത്തലുകൾ വിശദീകരിച്ചിരുന്നു. എന്നാൽ, കൊവിഡ് വാക്‌സിൻ ഗവേഷണ സമയത്താണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. ഈ വേളയിൽ 2023ലെ വൈദ്യശാസ്‌ത്ര നൊബേൽ പുരസ്‌കാര പ്രഖ്യാപനം കൊവിഡ് കാലത്തേ ഭീതിയിൽ നിന്നുള്ള മനുഷ്യരാശിയുടെ നന്ദി പ്രഖ്യാപനമാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്‌തിയാകില്ല.

Most Read| ഇന്ത്യയുടെ അഭിമാന താരമായി വിദ്യ രാംരാജ്; പിടി ഉഷയുടെ റെക്കോർഡിനൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE