കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് വീട്ടിൽ ഉണ്ടാക്കിയ കുഴിമന്തി കഴിച്ച 10 പേർക്ക് ഭക്ഷ്യവിഷബാധ. ഇവരിൽ 2 കുട്ടികളും ഉൾപ്പെടുന്നുണ്ട്. പനി, വയറിളക്കം, ഛർദി എന്നിവ അനുഭവപ്പെട്ട വീട്ടുകാർ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും, കുറ്റ്യാടി സ്വകാര്യ ആശുപത്രിയിലും ചികിൽസ തേടി.
സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും വീട് സന്ദർശിച്ച് കുടിവെള്ളത്തിന്റെ സാംപിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. കൂടാതെ കുഴിമന്തി ഉണ്ടാക്കാനായി ചേലക്കാട് മർവ സ്‌റ്റോറിൽ നിന്നാണ് സാധനങ്ങൾ വാങ്ങിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ കടയിൽ പരിശോധന നടത്തി. പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്തതും ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ വിവിധ ഭക്ഷണസാധനങ്ങൾ കണ്ടെടുത്തു.
തുടർന്ന് സാധനങ്ങൾ വിറ്റ കട ഉദ്യോഗസ്‌ഥർ അടപ്പിച്ചു. കുറ്റ്യാടി ഹെൽത്ത് സൂപ്പർവൈസർ ബാബു സെബാസ്‌റ്റ്യൻ, ഭക്ഷ്യ സുരക്ഷാ ഓഫിസർ ജിതിൻ രാജ്, നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്‌ടർ പിവി സുരേന്ദ്രൻ, കുറ്റ്യാടി ഹെൽത്ത് ഇൻസ്‌പെക്‌ടർ പി രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ ജബാ എമീമ, പ്രസാദ്, എംപി പ്രേമജൻ, അബ്‌ദുൾ സലാം എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
Read also: ചങ്ങരംകുളത്ത് നിർത്തിയിട്ട ലോറിയിൽ വാൻ ഇടിച്ച് ആറ് പേർക്ക് പരിക്ക്