കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയില്‍ അതിജീവിതയുടെ വസ്‌ത്രധാരണത്തിലെ ലൈംഗിക പ്രകോപനം ചൂണ്ടിക്കാണിച്ച് ജാമ്യം. പരാതിക്കാരിയുടെ വസ്‌ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നതെന്ന് വിധിയില്‍ എഴുതിയാണ് സിവിക് ചന്ദ്രന് ജാമ്യം നൽകിയത്.
ലൈംഗിക ആകര്‍ഷണമുണ്ടാക്കുന്ന വസ്‌ത്രങ്ങൾ ധരിച്ചതിനാല്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റിനുള്ള ഐപിസി 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്‌ജി എസ് കൃഷ്‌ണകുമാർ വിവാദ വിധിന്യായത്തിൽ പ്രസ്‌താവിച്ചിരിക്കുന്നത്. പാഠഭേദം മാസികയുടെ പത്രാധിപരും കവിയും നാടകകൃത്തും എഴുത്തുകാരനും മുൻ നക്‌സലൈറ്റും സാമൂഹ്യപ്രവർത്തകനും രാഷ്‌ട്രീയ നിരൂപകനുമായ സിവിക് ചന്ദ്രനെതിരെ യുവ എഴുത്തുകാരിയായ യുവതി നൽകിയ പീഡന പരാതിയിലാണ് ജാമ്യം ലഭിച്ചത്.
‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളില്‍ നിന്നും പരാതിക്കാരി ലൈംഗിക ചോതന ഉണര്‍ത്തുന്ന വസ്‌ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു. അതുകൊണ്ട് തന്നെ പ്രതിക്കെതിരെ 354എ വകുപ്പ് പ്രഥമ ദൃഷ്‌ട്യ നില നില്‍ക്കില്ല’, എന്നാണ് 12–8–2022ലെ ഉത്തരവിലെ വിചിത്ര വരികൾ.
പരാതിക്കാരിക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകനും പറഞ്ഞു. എന്നാല്‍ സെഷന്‍സ് ജഡ്‌ജിക്കെതിരെ ഹൈക്കോടതി രജിസ്‌ട്രാർക്ക് പരാതി നല്‍കുമെന്ന് പരാതിക്കാരി അറിയിച്ചു. പ്രകോപനപരമായ വസ്‌ത്രം ധരിച്ചതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 354എ വകുപ്പ് നിലനില്‍ക്കില്ലെന്ന ഉത്തരവിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്‌തമാക്കി.
2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയ സമയത്ത് സിവിക് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. സമാനമായ മറ്റൊരു പരാതിയിലും ഇതേ കോടതി സിവിക് ചന്ദ്രന് ജാമ്യം നൽകിയിരുന്നു. 20 ദിവസം മുമ്പ് നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതുവരെ പോലീസ്, സിവിക് ചന്ദ്രനെ അറസ്‌റ്റ് ചെയ്യാതെ സംരക്ഷിക്കാൻ ഉൽസാഹം കാണിച്ചു എന്ന ആരോപണം പരാതിക്കാരി ഉന്നയിച്ചിരുന്നു.
സിവിക് ചന്ദ്രൻ പെൺകുട്ടിയെ ബലമായി പിടിച്ചടുപ്പിച്ച് ഉമ്മ വെക്കാൻ ശ്രമിച്ചത് താൻ കണ്ടതായി ചിത്തിര കുസുമൻ പറഞ്ഞിരുന്നു. എഴുത്തുകാരിയും ലൈബ്രേറിയയുമായ ചിത്തിര കുസുമൻ, സിവിക് ചന്ദ്രനെതിരെ വിഷയത്തിൽ പരസ്യമായി സമൂഹ മാദ്ധ്യമത്തിൽ പോസ്‌റ്റും എഴുതിയിരുന്നു. പ്രസ്‌തുത പോസ്‌റ്റ് ഈ ലിങ്കിൽ വായിക്കാം.

അദ്ധ്യാപകനായി ജോലി ചെയ്‌തിരുന്ന സിവിക് ചന്ദ്രൻ 1981 മുതൽ നക്‌സലൈറ്റ് പ്രവർത്തനം ആരോപിച്ച് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. സസ്‌പെൻഷൻ കേസിൽ ഹൈകോടതി കുറ്റ വിമുക്‌തനാക്കിയ ഇദ്ദേഹം 1991ൽ അദ്ധ്യാപക വൃത്തിയിൽ തിരികെ പ്രവേശിച്ചു. പിന്നീട് റിട്ടയറായി. അടിയന്തരാവസ്‌ഥ കാലത്ത് ജയിൽവാസം അനുഭവിച്ച ഇദ്ദേഹം തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തിന്റെ മറ്റൊരു ആഖ്യാനമായ ‘നിങ്ങളാരെ കമ്മ്യൂണിസ്‌റ്റാക്കി’ എഴുതി സംവിധാനം ചെയ്‌ത് കേസായിരുന്നു. ഈ കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. കോഴിക്കോട് വെസ്‌റ്റ് ഹില്ലിലാണ് താമസം.
Health: ശരീര ദുർഗന്ധമാണോ പ്രശ്‌നം? തടയാൻ ഇതാ ചില മാർഗങ്ങൾ