മോസ്‌കോ: യുക്രൈനിൽ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രവും തകർത്തതായി റഷ്യ. വെള്ളിയാഴ്‌ച കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇന്ധന സംഭരണ കേന്ദ്രം തകര്‍ത്തതായാണ് റഷ്യ അവകാശപ്പെടുന്നത്.
‘മാര്‍ച്ച് 24ന് വൈകുന്നേരം, കലിബര്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് കീവിനടുത്തുള്ള കലിനിവ്ക ഗ്രാമത്തിലെ ഇന്ധന ബേസ് ആക്രമിച്ചു,’ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു. സൈനികര്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്ന യുക്രൈനിലെ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രമാണിതെന്നും മന്ത്രാലയം അവകാശപ്പെട്ടു. സൈനിക നടപടി ആരംഭിച്ച് 29ആം ദിവസമാണ് ഈ പ്രഖ്യാപനം വരുന്നത്.
യുക്രൈനില്‍ റഷ്യയുടെ സൈനിക നടപടി ആരംഭിച്ച ശേഷം അവരുടെ 260ലധികം ഡ്രോണുകള്‍, 1,580ലധികം ടാങ്കുകള്‍, കവചിത വാഹനങ്ങളും 204 വിമാന വിരുദ്ധ ആയുധ സംവിധാനങ്ങളും നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, താല്‍ക്കാലിക അഭയാർഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന മരിയുപോളിലെ തിയേറ്ററിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300ഓളം പേരെന്ന് യുക്രൈന്‍ വ്യക്‌തമാക്കി. മാര്‍ച്ച് 16നാണ് മരിയുപോളിലെ തിയേറ്ററിന് നേരെ റഷ്യ ബോംബ് വര്‍ഷിച്ചത്. സ്‌ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേര്‍ അഭയം തേടിയിരുന്ന ഇടമായിരുന്നു മരിയുപോളിലെ ഈ ഡ്രാമാ തിയേറ്റര്‍. നിലവില്‍ മരിയുപോളുമായുള്ള ബന്ധങ്ങള്‍ പൂര്‍ണമായി അറ്റ നിലയിലാണുള്ളതെന്നാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്.
ഇവിടേക്ക് അവശ്യ വസ്‌തുക്കള്‍ അടക്കമുള്ളവയുടെ വിതരണവും ചുരുങ്ങിയ നിലയിലാണ്. യുക്രൈന്റെ തുറമുഖ നഗരമാണ് മരിയുപോള്‍. റഷ്യന്‍ വിമാനങ്ങള്‍ തിയേറ്ററിന് നേരെ ബോംബ് വര്‍ഷിക്കുക ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തിയേറ്ററിന്റെ മധ്യഭാഗം പൂർണമായും ആക്രമണത്തില്‍ തകര്‍ന്നതായാണ് പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്‌തമാവുന്നത്. നേരത്തെ മരിയുപോളിലെ മുസ്‌ലിം പള്ളിക്ക് നേരയുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കുട്ടികളടക്കം 80ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
Most Read: യുഎഇക്ക് ആശ്വാസം; കോവിഡ് രോഗമുക്‌തരുടെ എണ്ണം ഉയരുന്നു