നിയമത്തിനു കണ്ണില്ലെങ്കിലും നിയമം നടപ്പാക്കുന്നവർക്കത് വേണം; ജോയ് മാത്യു

By Desk Reporter, Malabar News
Joy-Mathew
Ajwa Travels

കോഴിക്കോട്: “അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടർ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല, നിയമത്തിനു കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവർക്ക് കണ്ണുവേണം”- നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ പോലീസിനെയും സർക്കാരിനെയും ഒരുപോലെ വിമർശിച്ച് ചലച്ചിത്രതാരം ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഇത്. ഒരു നിമിഷം പോലീസുകാരൻ മനുഷ്യനായിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ജോയ് മാത്യു പറയുന്നു.

“മരട് ഫ്‌ളാറ്റിലെ ‘ദരിദ്രരായ’ അന്തേവാസികളെ ഒഴിപ്പിക്കുവാൻ സുപ്രീം കോടതിയുടെ അന്തിമവിധി വരെ കാത്തുനിൽക്കാൻ കഴിയുന്നത്ര സഹനശേഷിയുള്ള പോലീസിന് ഇപ്പോഴെന്തുപറ്റി?; പള്ളിത്തർക്കത്തിൽ കണ്ട തമാശകളിൽ ഒന്നാണല്ലോ ഒരുവൻ പെട്രോൾ ആണെന്ന് പറഞ്ഞു പച്ചവെള്ളം നിറച്ച ടിൻ ദേഹത്തേക്ക് ഒഴിക്കുകയും തീകൊളുത്തി ചാടും എന്ന് ആക്രോശിച്ചാടിയതുമായ നാടകം! ഒരു ആത്‌മഹത്യാ ശ്രമത്തിനുള്ള കേസോ അവന് നാലുപെടയോ നൽകാനാവാത്ത പോലീസിനു മൂന്നു സെന്റുകാരന്റെ ചട്ടിയും കലവും എറിഞ്ഞുടക്കാനാണ് ഇപ്പോൾ വീര്യം!”- ജോയ് മാത്യു കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം

കിടപ്പാടങ്ങൾ ശവമാടങ്ങൾ ആക്കരുത്

നെയ്യാറ്റിൻകര വീണ്ടും കേരളത്തെ കരയിക്കുന്നു. മൂന്നു സെന്റ് കിടപ്പാടത്തിനു വേണ്ടിയുള്ള നിർദാക്ഷണ്യ നിയമത്തിൽ വെന്ത് പോയത് രാജനും അമ്പിളിയും; അനാഥരായതോ രണ്ടുമക്കളും ! കോടതിവിധി നടപ്പാക്കാൻ പോലീസിന് അധികാരമുണ്ട്, പ്രത്യേകിച്ചും വിപ്ളവ ഗവൺമെന്റിന്റെ പോലീസിന്. അതുകൊണ്ടാണ് സ്‌റ്റേ ഓർഡർ വരുന്നതുവരെ കാത്തുനിൽക്കാൻ പോലീസിന് സമയമില്ലാതെപോയത്! ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു ഭീഷണി മുഴക്കിയപ്പോഴേക്കും പോലീസിന് അവരെ അനുനയിപ്പിക്കാനോ തിരിച്ചുപോകാനോ സാധിക്കാത്തത്ര ധൃതിയായിരുന്നു .

അതുകൊണ്ടാണ് തീയുളള ലൈറ്റർ തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചതും അത് ദുരന്തമായി മാറിയതും. പോലീസുകാരൻ ബോധപൂർവ്വം അവരെ അഗ്‌നിക്കിരയാക്കി എന്ന് ഞാൻ കരുതുന്നില്ല, അബദ്ധത്തിൽ സംഭവിച്ചതായിരിക്കാം. പക്ഷെ ഒരു നിമിഷം പോലീസുകാരനും മനുഷ്യനാകാമായിരുന്നു. കുടിയിറക്ക് എന്ന ദുഷ്‌ടതയുടെ കാവലാൾ ആകുന്ന പോലീസ് സേനയുടെ ശുഷ്‌കാന്തിയെയാണ് ആദ്യം ഇല്ലാതെയാക്കേണ്ടത്.

മരടിലെ ഫ്‌ളാറ്റിലെ ‘ദരിദ്രരായ’ അന്തേവാസികളെ ഒഴിപ്പിക്കുവാൻ സുപ്രീം കോടതിയുടെ അന്തിമവിധി വരെ കാത്തുനിൽക്കാൻ കഴിയുന്നത്ര സഹനശേഷിയുള്ള പോലീസിന് ഇപ്പോഴെന്തുപറ്റി? (സുപ്രീം കോടതി പക്ഷെ ബോംബുമായാണ് വന്നത്. അന്ന് മരടിൽ നിന്നും ഓടി രക്ഷപ്പെട്ടതാണ് മരട് സംരക്ഷണ വിപ്ളവകാരികളും പോലീസും ).

പള്ളിത്തർക്കത്തിൽ കണ്ട തമാശകളിൽ ഒന്നാണല്ലോ ഒരുവൻ പെട്രോൾ ആണെന്ന് പറഞ്ഞു പച്ചവെള്ളം നിറച്ച ടിൻ ദേഹത്തേക്ക് ഒഴിക്കുകയും തീകൊളുത്തി ചാടും എന്ന് ആക്രോശിച്ചാടിയതുമായ നാടകം! ഒരു ആത്‌മഹത്യാ ശ്രമത്തിനുള്ള കേസോ അവന്റെ ചന്തിക്ക് നാലുപെടയോ നൽകാനാവാത്ത പോലീസിനു മൂന്നു സെന്റുകാരന്റെ ചട്ടിയും കലവും എറിഞ്ഞുടക്കാനാണ് ഇപ്പോൾ വീര്യം!.

പോലീസ് ജോലിചെയ്യുന്ന വ്യക്‌തികളെ കുറ്റപ്പെടുത്തുകയല്ല, പോലീസിനെ നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ചെയ്‌തികളാണ് ഇവിടെയും വില്ലൻ എന്ന് പറയുകയാണ് .
പോലീസുകാരിൽത്തന്നെ മനുഷ്യത്വമുള്ളവരുമുണ്ട് എന്ന് നമുക്ക് കാണിച്ചുതന്ന ഒരു പോലീസുകാരനെ ഞാനിപ്പോൾ ഓർക്കുകയാണ്; കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനിലെ അൻസൽ.

രോഗിയായ അമ്മയേയും സ്‌കൂൾ വിദ്യാർഥിനിയായ മകളേയും ഒറ്റ മുറി വീട്ടിൽ നിന്നും 2017ൽ കോടതി വിധി നടപ്പാക്കാനായി മനസില്ലാ മനസോടെ ഒഴിപ്പിച്ചിട്ടും അവർക്ക് പുതിയൊരു അഭയം കണ്ടെത്തി നൽകിയ എസ്‌ഐ അൻസൽ കേരളാപോലീസ് സേനയുടെ അഭിമാനമാണ്‌ .

കിടപ്പാടം നഷ്‌ടപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശിയായ ബബിതക്കും മകൾ സൈബക്കും അൻസൽ അഭയം നൽകിയത് എങ്ങനെയാണെന്നോ ? അയാൾ മുൻകയ്യെടുത്ത് സ്വരൂപിച്ച പണം കൊണ്ടുണ്ടാക്കിയ വീട്ടിലേക്ക് ബബിതയെയും മകൾ സൈബയെയും മാറ്റിപാർപ്പിച്ചിട്ടാണ്. അത്തരം മഹത് കർമ്മങ്ങൾ ഏറ്റെടുക്കുന്ന പോലീസ് ഉദ്യോഗസ്‌ഥരും നമുക്കുണ്ട് എന്നതും മറക്കാൻ പാടില്ല .

എന്നാൽ അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടർ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല എന്ന് പോലീസ് മുതലാളിമാർ ഇനിയെങ്കിലും മനസ്സിലാക്കുക. ദയവായി കിടപ്പാടങ്ങൾ ഇനിയെങ്കിലും ശവമാടങ്ങൾ ആക്കാതിരിക്കുക. നിയമത്തിനു കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവർക്ക് കണ്ണുവേണം.

Also Read:  എംഎം ഹസ്സനെ മാറ്റണമെന്ന് ആവശ്യം; എംഎൽഎമാരും എംപിമാരും കത്ത് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE