
കോഴിക്കോട്: സംസ്‌ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ അടച്ചുപൂട്ടലിലേക്ക് നയിക്കുന്ന തീരുമാനങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ. കേരളത്തിലെ നാലായിരത്തിലധികം വരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അൺ എയ്‌ഡഡ് സ്‌കൂളുകൾ നടത്തുന്ന സമരത്തിന് ഇന്ന് തുടക്കമായി.
കോഴിക്കോട് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ സമര സംഗമം അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് നിസാർ ഒളവണ്ണ ഉൽഘാടനം ചെയ്‌തു. സർക്കാരിൽ നിന്ന് ഒരു തരത്തിലുള്ള സഹായവും ലഭിക്കാതെ പ്രവർത്തിക്കുന്ന, ഒന്നേമുക്കാൽ ലക്ഷത്തിലധികം അഭ്യസ്‌ഥവിദ്യരായ അധ്യാപക-ഇതര ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ തകർക്കുന്ന നീക്കം സർവരെയും അണിനിരത്തി പ്രതിരോധിക്കുമെന്ന് നിസാർ ഒളവണ്ണ പറഞ്ഞു.
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സംസ്‌ഥാനത്തെ മുപ്പത് ശതമാനത്തിലധികം കുട്ടികൾക്ക് സേവനം ലഭ്യമാക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ അടച്ചുപൂട്ടലിലേക്ക് നയിക്കുന്ന തീരുമാനങ്ങൾ പുനഃപരിശോധിക്കണം. സ്‌കൂൾ വിടുതൽ സർട്ടിഫിക്കറ്റ് നൽകാൻ ഫീസ് കുടിശിക നൽകേണ്ടതില്ലെന്ന സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അനീതിയാണ്. സംസ്‌ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ ഏറിയ പങ്കും വഹിക്കുന്ന അൺ എയ്‌ഡഡ് മേഖലയെ തഴഞ്ഞ് ഈ രംഗത്ത് നിയമനിർമാണം നടത്താനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിഷേധ സംഗമം വ്യക്‌തമാക്കി.
ട്രഷറർ ശശിധരൻ മേനക്കണ്ടി അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമത്തിൽ ജനറൽ സെക്രട്ടറി പികെ മുരളീധരമേനോൻ, സുബൈദ ടീച്ചർ, എംകെ അബ്‌ദുൽ മജീദ്, പ്രിയ ഗോപികൃഷ്‌ണൻ, ബുഷ്‌റ അഷ്‌റഫ്, ഫൈസൽ പിലാച്ചേരി എന്നിവർ പ്രസംഗിച്ചു.
Malabar News: ദീർഘകാല കാത്തിരിപ്പിന് വിരാമം; തടിയൻവളപ്പ് പാലം പണി അവസാന ഘട്ടത്തിൽ