ഹൈദരാബാദ്: ബിജെപി അധികാരത്തിൽ വന്നാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പേര് മാറ്റേണ്ടവരുടെ പേരാണ് മാറ്റേണ്ടതെന്ന് ഒവൈസി പറഞ്ഞു. യോഗി ആദിത്യനാഥിന്റെ പേര് പരാമർശിക്കാതെ ആയിരുന്നു ഒവൈസിയുടെ പ്രതികരണം. നാടിന്റെ പേര് മാറ്റേണ്ടവര്‍ക്ക് ജനങ്ങള്‍ ഉത്തരം നല്‍കണമെന്നും ഒവൈസി പറഞ്ഞു.
“ഹൈദരാബാദിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് തോന്നുന്നില്ല, പ്രധാനമന്ത്രിയെ ആണ് തിരഞ്ഞെടുക്കുന്നത് എന്ന പ്രതീതിയാണ് ഇവിടെയുള്ളത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് മാത്രമാണ് ഒഴിവായിട്ടുള്ളത്,”- ഒവൈസി പരിഹസിച്ചു.
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മല്‍ക്കാജ്ഗിരി ഡിവിഷനിലെ റോഡ്‌ഷോയിൽ സംസാരിക്കവെയാണ് ആദിത്യനാഥ് ഹൈദരാബാദിന്റെ പേര് മാറ്റുന്ന കാര്യം പറഞ്ഞത്. “ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാമോ എന്ന് ചിലര്‍ എന്നോട് ചോദിച്ചു. ഞാന്‍ അവരോട് തിരികെ ചോദിച്ചു, എന്തുകൊണ്ട് പറ്റില്ലെന്ന്, ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വന്നശേഷം ഞങ്ങള്‍ ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ്‌രാജ് എന്നും പുനര്‍നാമകരണം ചെയ്‌തത് കണ്ടില്ലേ,” – എന്നായിരുന്നു യോഗിയുടെ പ്രസ്‌താവന.
Also Read: രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു; തെലങ്കാന മുഖ്യമന്ത്രി