എടിഎം കാ‍ർഡ് കൈക്കലാക്കി പണം തട്ടി; പോലീസ് ഉദ്യോഗസ്‌ഥനെ പിരിച്ചു വിട്ടു

By Desk Reporter, Malabar News
The police officer was dismissed
Representational Image
Ajwa Travels

കണ്ണൂ‍ർ: മോഷ്‌ടാവിന്റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ പോലീസ് ഉദ്യോഗസ്‌ഥനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. തളിപ്പറമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ ഇഎൻ ശ്രീകാന്തിനെയാണ് സർവീസിൽ നിന്ന് പിരിച്ച് വിട്ടത്. കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമയുടേതാണ് ഉത്തരവ്.

2021 ഏപ്രിലിലാണ് തളിപ്പറമ്പ് പൂളപ്പറമ്പ് സ്വദേശി രാജേശ്വരിയുടെ എടിഎം കാർഡ് കൈക്കലാക്കി പോലീസ് ഉദ്യോഗസ്‌ഥൻ തട്ടിപ്പ് നടത്തിയത്. അരലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഭവത്തിൽ ശ്രീകാന്തിനെ നേരത്തെ അന്വേഷണ വിധേമായി സസ്‌പെൻഡ്‌ ചെയ്‌തിരുന്നു.

ചൊക്ളി സ്വദേശിയുടെ എടിഎം കാർഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ കവർന്ന ഗോകുൽ എന്നയാളെ കഴിഞ്ഞ മാർച്ചിൽ തളിപ്പറമ്പ് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥനായിരുന്നു ശ്രീകാന്ത്. ഈ സമയത്ത് ഇയാൾ സഹോദരിയിൽ നിന്നും എടിഎം കൈക്കലാക്കി.

തുടർന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സഹോദരിയുടെ മൊബൈൽ ഫോണിൽ നിന്ന് പിൻനമ്പറും എടുത്തു. മോഷ്‌ടാവായ ഗോകുൽ തട്ടിയെടുത്ത പണമെല്ലാം സഹോദരിയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. മോഷണക്കേസിൽ ഗോകുൽ റിമാൻഡിലായതിന് ശേഷവും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതായി മെസേജുകൾ വന്നതോടെ സഹോദരി തളിപ്പറമ്പ് സിഐക്ക് പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ആയ ഇഎൻ ശ്രീകാന്താണ് പണം തട്ടിയെടുത്തത് എന്ന് മനസിലായത്. ഇയാൾ തളിപ്പറമ്പിലെ പല എടിഎം കൗണ്ടറുകളിൽ നിന്ന് പണം എടുക്കുന്നതിന്റെയും ഈ കാർഡ് ഉപയോഗിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് കണ്ണൂർ റൂറൽ എസ്‌പി നവനീത് ശർമ നേരിട്ട് തളിപ്പറമ്പ് സ്‌റ്റേഷനിലെത്തി ശ്രീകാന്തിനെ ചോദ്യം ചെയ്‌തു.

പണം തട്ടിയെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസിലായതോടെ ശ്രീകാന്തിനെ സസ്‌പെൻഡ്‌ ചെയ്‌ത്‌ വിശദമായ അന്വേഷണം നടത്താൻ തളിപ്പറമ്പ് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തി. മോഷണത്തിന് സിപിഒ ശ്രീകാന്തിനെതിരെ കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

ഡിജിപി നേരിട്ട് എസ്‌പിയോട് റിപ്പോർട് ആവശ്യപ്പെടുകയും കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ശ്രീകാന്തിന്റെ പ്രവർത്തി പൊതുജനത്തിനിടയിൽ പോലീസിന് അവമതിപ്പുണ്ടാക്കുകയും സൽപ്പേര് കളങ്കപ്പെടുത്തുകയും ചെയ്‌തെന്ന് പുറത്താക്കി കൊണ്ടുള്ള ഉത്തരവിൽ എസ്‌പി പറയുന്നു.

Most Read:  റാഗിങ്ങിനെ തുടർന്ന് സംഘർഷം; മാഹി കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE